അടൂര്‍: പാസിങ് ഔട്ട് പരേഡ് ചടങ്ങ് നടന്ന ദിവസം രാത്രിയില്‍ അടൂര്‍ പരുത്തപ്പാറയിലുള്ള കേരളാ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്തെ എസ്‌ഐ, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാറിനെ മര്‍ദിച്ചതായി കേസ്. ബറ്റാലിയന്‍ ആസ്ഥാനത്തു നിന്ന് പുറത്തേക്ക് പോകുന്നതിനായി ശ്യാം ജീപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ എസ്‌ഐ ശ്യാം ഹവില്‍ദാറായ സായ്കുമാറിനെ (30) മര്‍ദിച്ചെന്നാണ് കേസ്. തിങ്കളാഴ്ച രാത്രി ഒന്‍പതിന് മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഡ്യൂട്ടി ഓഫിസില്‍ വച്ചാണ് സംഭവം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച രാത്രി ഡ്യൂട്ടി ഓഫിസില്‍ എത്തിയ ശ്യാം അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ സായ്കുമാറിനോട് പുറത്തേക്കു പോകുന്നതിനായി ജീപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ഡ്യൂട്ടി ഓഫിസറോട് ചോദിച്ചിട്ട് പറയാമെന്ന് ഹവില്‍ദാര്‍ പറഞ്ഞു. എന്നാല്‍, മദ്യലഹരിയിലായിരുന്ന ശ്യാമിന് ഇത് ഇഷ്ടപ്പെടാഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് ഹവില്‍ദാറിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ സായ്കുമാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പിന്നീട് ശ്യാമും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നതായി പറയുന്നു.
സംഭവം സംബന്ധിച്ച് മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഡപ്യൂട്ടി കമന്‍ഡാന്റ് ശ്യാം സുന്ദര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി സായ്കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം റിപ്പോര്‍ട്ട് കമന്‍ഡാന്റ് സിറില്‍ സി. വള്ളൂരിന് നല്‍കി. ഈ റിപ്പോര്‍ട്ട് ഇന്നലെ വൈകിട്ടു തന്നെ ബറ്റാലിയന്‍ ഡിഐജി ഷെഫിന്‍ അഹമ്മദിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തിനു ശേഷം സ്ഥലത്തു നിന്ന് പോയ എസ്‌ഐ ശ്യാമിനെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ബറ്റാലിയന്‍ അധികൃതര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.