കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്. ദിലീപും നാദിര്‍ഷയും ഒരുമിച്ച് തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റേറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബായിലേക്ക് പോകുന്നത്.
ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്പോര്‍ട്ട് കൈപ്പറ്റിയാകും ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. അതേസമയം ദിലീപിന്റെ യാത്രയെ സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പൊലീസിനുള്ളത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പൊലീസിന്റെ സംശയം കൂട്ടുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചത്. പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.