ശബരിമല: സന്നിധാനത്തും മാളികപ്പുറം ഫ്‌ലൈ ഓവറിലും ക്ഷേത്ര മര്യാദകള്‍ പാലിക്കാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ പരാതിയേറുന്നു. തിരുനടയിലും ഫ്‌ലൈ ഓവറിലും ജോലി ചെയ്യുന്ന ചില പോലീസുകാരെക്കുറിച്ചാണ് പരാതി ഉയരുന്നത്. കഠിന വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഒരു നോക്ക് ദര്‍ശനത്തിനു പോലുമുള്ള സമയം നല്‍കാതെ പിടിച്ചു തള്ളുകയും വലിച്ചു നീക്കുകയും ചെയ്യുന്നതായാണ് പരാതികള്‍ ഏറെയും. ഈ ബലപ്രയോഗത്തില്‍ കുട്ടികളും പ്രായമേറിയവരുമായ നിരവധി തീര്‍ത്ഥാടകര്‍ക്ക് നിസാര പരുക്കുകളും ഏല്‍ക്കാറുണ്ട്.
മുന്‍ കാലങ്ങളിലെ അപേക്ഷിച്ച് സ്വാമി, അയ്യപ്പ എന്നി അഭിസംബോധനകള്‍ക്ക് പകരം സദ്യേതര വാക്കുകള്‍ ഉപയോഗിക്കുന്ന ചില പോലീസുകാരും സന്നിധാനത്തുണ്ട്. സന്നിധാനത്തും മാളികപ്പുറത്തേക്കുള്ള ഫ്‌ലൈ ഓവറിലും ജോലി ചെയ്യുന്ന പോലീസുകാര്‍ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍ നിര്‍ദേശം മറികടന്ന് ഫ്‌ലൈ ഓവറിലെ ചില പോലീസുകാര്‍ പാദരക്ഷകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു വിഭാഗം പോലീസുകാരില്‍ നിന്നും ഭക്തര്‍ക്ക് നേരെയുണ്ടാവുന്ന മോശം പെരുമാറ്റം സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചതായും ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.