അടൂര്‍: ആനന്ദപ്പള്ളി മരമടി മല്‍സരം പുനരാരംഭിക്കുന്നതു സംബന്ധിച്ച വിഷയം നിയമസഭയിലും എത്തിയതോടെ പ്രതീക്ഷയിലാണ് ജില്ലയിലെ കര്‍ഷകര്‍. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സബ്മിഷനിലൂടെയാണ് ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്. ചില നിയമ സാങ്കേതികതയുടെ അവ്യക്തതമൂലം മുടങ്ങിയ ആനന്ദപ്പള്ളി മരമടി മല്‍സരം പുനരാരംഭിക്കണമെന്നാണ് എംഎല്‍എ ഇന്നലെ നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചത്. ജില്ലയിലെ ശ്രദ്ധേയമായ കാര്‍ഷിക വിനോദമായ മരമടി മല്‍സരം കര്‍ഷകരും ഉരുക്കളും സമ്മേളിക്കുന്ന കാര്‍ഷികാധ്വാനത്തിന്റെ പ്രതീകാത്മകമായ ആഘോഷമാണെന്നും വിവിധ പ്രദേശങ്ങളിലെ കര്‍ഷകരുടെ കൂട്ടായ്മ നിലനിര്‍ത്തുന്നതിനും യുവാക്കളെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും മറ്റും ലക്ഷ്യംവച്ചതുമാണ് മരമടി മല്‍സരമെന്നും ചിറ്റയം ചൂണ്ടിക്കാട്ടി.
ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞ മറുപടിയിലാണ് ജനങ്ങളുടെ പ്രതീക്ഷ. ഇതില്‍ ജില്ലാ ഭരണകൂടവും കൂടി ഇനി അനുകൂല നിലപാടെടുത്താല്‍ ആനന്ദപ്പള്ളി മരമടി മല്‍സരത്തിന് തറയില്‍പടി ഏലായില്‍ വേദി ഒരുങ്ങും. അനുമതി കിട്ടിയാല്‍ മല്‍സരം പുനരാരംഭിക്കുന്നതിന് ആനന്ദപ്പള്ളി കര്‍ഷക സമിതിയും തയാറെടുത്തിരിക്കുകയാണ്. മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞത് ആനന്ദപ്പള്ളി മരമടി മല്‍സരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിനോദങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഉപാധികളോടെ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കും. സംസ്ഥാനത്തിന്റെ കാര്‍ഷിക വിനോദങ്ങള്‍ മൃഗങ്ങളോട് യാതൊരു ക്രൂരതയും കാട്ടാത്തതാണ്.
അതിനാല്‍ മരമടി മല്‍സരം ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഗൗരവമായി പരിശോധിക്കും. കേരളത്തിലെ കാര്‍ഷിക പാരമ്പര്യവുമായി ബന്ധമുള്ളതും പരമ്പരാഗതമായി നിലനിന്നിരുന്നതുമായ കാളപ്പൂട്ട്, മരമടി, കന്നുപൂട്ട് തുടങ്ങിയ കാര്‍ഷിക വിനോദങ്ങള്‍ നിലച്ചിട്ടുള്ളത് കേവലം നിയമവ്യാഖ്യാനത്തിലെ അവ്യക്തത മൂലമാണ്. അതിനാല്‍ ഇക്കാര്യം പ്രത്യേകമായി പരിശോധിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നാലു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആനന്ദപ്പള്ളി മരമടി മല്‍സരം പുനരാരംഭിക്കുന്നതിനു മുന്‍കൈ എടുക്കും.
മരമടി മല്‍സരം ഉപാധികളോടെ നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയുണ്ട്. (വര്‍ഗീസ് ഡാനിയല്‍, പ്രസിഡന്റ്, വി.കെ. സ്റ്റാന്‍ലി, സെക്രട്ടറി ആനന്ദപ്പള്ളി കര്‍ഷക സമിതി) മരമടി മല്‍സരത്തിന് അനുമതി ലഭിക്കുന്നതും കാത്തിരിക്കുകയാണ്. ഈ വിഷയം നിയമസഭയില്‍ വരെ എംഎല്‍എ അവതരിപ്പിച്ചതിനാല്‍ ഇനി മല്‍സരം നടക്കുമെന്നു തന്നെയാണ് വിശ്വാസം. അനുമതി ലഭിച്ചാല്‍ ആനന്ദപ്പള്ളി തറയില്‍പടി ഏലായിലാണ് മല്‍സരം നടത്തുക. ജില്ലാ ഭരണകൂടം പച്ചക്കൊടി കാട്ടിയാല്‍ ആ നിമിഷം കാര്‍ഷിക മാമാങ്കമായ ആനന്ദപ്പള്ളി മരമടി മല്‍സരത്തിനായി മുന്നിട്ടിറങ്ങും.