കൊച്ചി: ഇനി മുതല്‍ സ്വന്തം ക്ലിനിക്കില്‍ നിന്ന് ഹോമിയോ ഡോക്ടര്‍മാര്‍ക്ക് മരുന്നുവില്‍പന സാധ്യമല്ല. ക്ലിനിക് ഹോമിയോ മരുന്നുവിപണന കേന്ദ്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിപ്പിക്കാനും സാധിക്കില്ല.ഹോമിയോ ഡോക്ടര്‍മാര്‍ക്ക കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് ഭേദഗതി ചെയ്തു. നിയമഭേദഗതി ഈമാസം 10നു പ്രാബല്യത്തിലായി.
ഇനി മുതല്‍ അലോപ്പതി മരുന്നുകള്‍ വില്‍ക്കുന്ന സാധാരണ മരുന്നുകടകളില്‍ ഹോമിയോ മരുന്നുകളും വില്‍ക്കാം. ഹോമിയോ മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിലും വില്‍ക്കുന്നതിലും ഡോക്ടര്‍മാര്‍ വഴിവിട്ടു പ്രവര്‍ത്തിക്കുന്നതായി വിലയിരുത്തിയാണു ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ (ഡിടിഎബി) നിര്‍ദേശങ്ങളോടെ ഭേദഗതികള്‍ നടപ്പാക്കുന്നത്.
പ്രത്യേക ലൈസന്‍സ് ഇല്ലാതെ തന്നെ അലോപ്പതി മരുന്നുകള്‍ വില്‍ക്കുന്ന കടയില്‍ ഹോമിയോ മരുന്നുകളും വില്‍ക്കാം. മരുന്നു നല്‍കാന്‍ ഹോമിയോപ്പതിയിലോ ഫാര്‍മസിയിലോ നിശ്ചിതയോഗ്യതയുള്ളവര്‍ കടകളില്‍ ഉണ്ടായിരിക്കണം. എന്നാല്‍, കടകളില്‍നിന്നു രോഗികള്‍ക്കു നേരിട്ടു ഹോമിയോ മരുന്നുകള്‍ ലഭ്യമാകുന്ന സ്ഥിതി വരുമ്പോള്‍ ദുരുപയോഗ സാധ്യതകള്‍ കൂടുമെന്നാണു ഹോമിയോ ഡോക്ടര്‍മാരുടെ ആക്ഷേപം.