രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് അട്ടിമറി ജയം. ശക്തരായ സൗരാഷ്ട്രയെ 309 റണ്‍സിന് തോല്‍പ്പിച്ചു. വിജയ ലക്ഷ്യമായ 405 റണ്‍സ് പിന്തുടര്‍ന്ന സൗരാഷ്ട്ര 95ന് പുറത്തായി. ഈ സീസണിലെ കേരളത്തിന്റെ നാലാം വിജയമാണിത്.
അവരുടെ ബാറ്റിങ് പ്രതീക്ഷയായിരുന്ന ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയ്ക്ക് 12 റണ്‍സ് മാത്രമെടുത്ത് പുറത്തായി. കേരളത്തിനു വേണ്ടി ജലജ് സക്സേന നാലും കെ.സി. അക്ഷയ്, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. നേരത്തെ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും സെഞ്ചുറി നേടിയ സഞ്ജു സാംസന്റെ (175) ബാറ്റിങ് കരുത്തിലാണ് 405 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കേരളമുയര്‍ത്തിയത്. നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാന്‍ വിജയം അനിവാര്യമായതിനാല്‍ രണ്ടാം ഇന്നിങ്സില്‍ രണ്ടും കല്‍പിച്ചാണ് കേരളം ബാറ്റിങ്ങിനിറങ്ങിയത്. പരമാവധി വേഗത്തില്‍ സുരക്ഷിതമായ ലീഡ് നേടി സൗരാഷ്ട്രയെ ബാറ്റിങ്ങിനയയ്ക്കുകയെന്നതായിരുന്നു കേരളത്തിന്റെ ലക്ഷ്യം. ഒരു വിക്കറ്റിന് 69 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി ജലജ് സക്സേനയും റോഹന്‍ പ്രേമും 44 റണ്‍സ് വീതം നേടി.
നാലാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സൗരാഷ്ട്രയുടെ ബോളര്‍മാരെ ശ്വാസംവിടാന്‍ പോലും സമ്മതിച്ചില്ല. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സഞ്ജു 41 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചു. 121 പന്തിലാണ് സഞ്ജുവിന്റെ ഹാട്രിക് സെ!ഞ്ചുറി പിറന്നത്. ഇരട്ട സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന സഞ്ജു അതിവേഗം സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സ്പിന്നര്‍ ഡി.എ.ജഡേജയുടെ പന്തിലാണു പുറത്തായത്.
കെ.ബി.അരുണ്‍ കാര്‍ത്തിക്കും (81) സല്‍മാന്‍ നിസാറും (21 പന്തില്‍ 34) മികച്ച സ്‌കോര്‍ കണ്ടെത്തിയതോടെ കേരളം ആറു വിക്കറ്റിന് 411 എന്ന സ്‌കോറില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.