അടൂര്‍: അടൂരിലെ പഴംകഞ്ഞികടയില്‍ നിന്ന് കഞ്ഞി കുടിച്ച ജനമൈത്രി കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധ.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അടൂരിലെ ജനമൈത്രി കോര്‍ഡിനേറ്ററും സാമൂഹ്യപ്രവര്‍ത്തകനുമായ ജോര്‍ജ്ജ് മുരുക്കന്‍, കോട്ടയം എസ്. എച്ച് മൗണ്ടില്‍ അജോഭവനില്‍ അജോ (40), മകന്‍ ലിന്റോ(10) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇവരില്‍ ജോര്‍ജ്ജ് മുരുക്കന്‍ അടൂരിലെ സ്വകാര്യആശുപത്രിയിലും മറ്റുള്ളവര്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.
കഞ്ഞി കുടിച്ച ഉടന്‍ ഇവരുടെ ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ചര്‍ദ്ദിയുണ്ടാവുകയുമായിരുന്നു. അജോയും കുടുംബവും ഏനാത്തുള്ള ഭാര്യവീട്ടില്‍ പോയി മടങ്ങുമ്പോള്‍ പഴംകഞ്ഞി ബോര്‍ഡ് കണ്ട് കൗതുകത്തിനായി കറിയതായിരുന്നു. അച്ഛനും മകനും കഞ്ഞിയും ഭാര്യയും മകളും കപ്പയുമാണ് കഴിച്ചത്. അടൂരില്‍ നടത്തുന്ന അമ്മച്ചിക്കടയെന്ന ‘പഴംകഞ്ഞികടയ്ക്ക് ‘പഴകിയ ഭക്ഷണം വില്‍ക്കാന്‍ പാടില്ലെന്നുള്ള ഉത്തരവ് അടുത്തിടെ ആരോഗ്യവകുപ്പ് നല്‍കിയിരുന്നു.