അടൂര്‍: മന്ത്രിസ്ഥാനം രാജിവച്ച ശേഷം കുട്ടനാട്ടിലേക്കു മടങ്ങിയ തോമസ് ചാണ്ടിക്ക് നേരെ അടൂരില്‍ വെച്ച് കരിങ്കൊടിയും ചീമുട്ടയേറും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചാണ്ടിക്ക് നേരെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്തത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ചീമുട്ട എറിയുകയായിരുന്നു. ഈ സമയം പോലീസ് സ്ഥലത്തില്ലായിരുന്നു.
ചീമുട്ടയേറു കാരണം ഡ്രൈവിങ് പ്രയാസമായതിനാല്‍ പന്തളം പോലീസ് സ്റ്റേഷനില്‍വച്ച് വാഹനത്തിന്റെ ഗ്ലാസ് കഴുകി വൃത്തിയാക്കി. പിന്നീട് വാഹനത്തിന്റെ നാലാം നമ്ബര്‍ ബോര്‍ഡും മാറ്റി യാത്ര തുടരുകയായിരുന്നു. അതേസമയം മന്ത്രിയുടെ വാഹനത്തിന് പിന്നാലെ ഉണ്ടായിരുന്ന തിരുവനന്തപുരത്ത് നിന്നുള്ള ചാനല്‍ വാഹനങ്ങളെ പോലീസ് തടഞ്ഞു.
എന്‍സിപി ദേശീയ നേതൃത്വവുമായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം ബുധനാഴ്ച ഉച്ചയോടെ ഏറെ നാടകീയമായാണ് തോമസ് ചാണ്ടി രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിനു കൈമാറിയത്. യോഗത്തിനുശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാന്‍ പോകുമെന്നു കരുതിയെങ്കിലും ഔദ്യോഗിക വാഹനത്തില്‍ സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കാണു തിരിക്കുകയായിരുന്നു. ഇവിടെ എത്തിയശേഷം അദേഹം കൊച്ചിക്കു പോകും.