അബുദാബി: യൂട്യൂബില്‍ നിയമവിരുദ്ധ വിഡിയോ ക്ലിപ്പുകള്‍ പോസ്റ്റുചെയ്ത മൂന്ന് യുവാക്കളെയും ഒരു യുവതിയേയും അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ ശിക്ഷിച്ചു. തുടര്‍ അന്വേഷണത്തിനായി ഏഴു ദിവസത്തേക്കാണു നാലുപേര്‍ക്കു തടവുശിക്ഷ നല്‍കിയതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. സോഷ്യല്‍ വെബ്സൈറ്റില്‍ നിയമവിരുദ്ധ വിഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുന്നതു സാമൂഹിക, പൊതുനിയമ സംവിധാനങ്ങളെ തകര്‍ക്കും, വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്തു എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. രാജ്യത്തിന്റെ നിയമത്തിനെതിരെയുള്ള ഉള്ളടക്കത്തോടെയുള്ളതാണ് പോസ്റ്റ് ചെയ്ത വിഡിയോ ക്ലിപ്പുകളെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
പ്രതി ചേര്‍ക്കപ്പെട്ട യുവാക്കളില്‍ ഒരാളും യുവതിയുമാണു വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. മറ്റു പ്രതികള്‍ ചിത്രീകരണങ്ങളിലും മറ്റും പങ്കെടുത്തവരാണ്. 33 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ എഡിറ്റുചെയ്ത് ഒന്നാംപ്രതി തന്റെ വ്യക്തിഗത യൂട്യൂബ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ എല്ലാ പ്രതികളും കുറ്റം സമ്മതിച്ചു. എന്നാല്‍ സോഷ്യല്‍മീഡിയ സൈറ്റുകള്‍ വഴി പരിചയപ്പെടുന്ന ആളുകളുമായി പുറത്തു പോകരുതെന്ന ബോധവല്‍ക്കരണം യുവതികളിലും പെണ്‍കുട്ടികള്‍ക്കിടയിലും നടത്താന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്.
എന്നാല്‍ ഒന്നാംപ്രതി വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഒരു മിനിട്ടിന്റെ ചെറിയ ക്ലിപ്പ് എഡിറ്റു ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് പൊതുജനശ്രദ്ധ ഒഴിവാക്കാന്‍ പ്രതികള്‍ ഈ വിഡിയോ നീക്കി. നൂതന സാങ്കേതിക വിദ്യകളിലൂടെ, പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയുള്ള ദുരുപയോഗത്തിനെതിരെയാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്റെ കുറ്റപത്രം. സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍, വാചകങ്ങള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, ഫൊട്ടോഗ്രാഫുകള്‍, റെക്കോര്‍ഡിങ്ങുകള്‍ അല്ലെങ്കില്‍ രചനകള്‍, ദൃശ്യപരമോ കേള്‍ക്കാനോ വായിക്കാനോ സാധിക്കുന്ന നിയമവിരുദ്ധമായ എല്ലാ പോസ്റ്റുകളും ശിക്ഷാര്‍ഹമാണെന്നും പ്രോസിക്യൂഷന്‍ വിശദമാക്കി.