അടൂര്‍: ഇന്ന് മുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറയും. ജിഎസ്ടി ഏകീകരിച്ചതോടെയാണ് ഹോട്ടല്‍ ഭക്ഷണവില കുറയുന്നത്. എല്ലാ റെസ്റ്റോറന്റുകളിലും ഇന്ന് മുതല്‍ അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍ മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.
ഭക്ഷണവില വല്ലാതെ കൂടാനിടയാക്കിയ നികുതിഘടനയ്ക്കെതിരേ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്താണ് നികുതി ഏകീകരിച്ചത്. ജിഎസ്ടി നടപ്പില്‍വന്നപ്പോള്‍ എ.സി. റെസ്റ്റോറന്റുകളില്‍ 18 ശതമാനവും അല്ലാത്തവയില്‍ 12 ശതമാനവും നികുതി ഏര്‍പ്പെടുത്തിയിരുന്നു. നികുതിഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കണമെങ്കില്‍ കോമ്പൗണ്ടിങ് നികുതി അഞ്ചുശതമാനത്തില്‍ നിന്ന് രണ്ടുശതമാനമായി നിശ്ചയിക്കണമെന്നാണ് ഹോട്ടല്‍ ഉടമകളുടെ ഇപ്പോഴത്തെ നിലപാട്.
ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനത്തിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള മറ്റുചില ഉത്പന്നങ്ങളുടെ നികുതിയും 28ല്‍നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. ചോക്ലേറ്റ്, ഷാമ്പൂ, ആരോഗ്യ പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റിസ്റ്റ് വാച്ച്, കാപ്പി, ഡെന്റല്‍ ഉത്പന്നങ്ങള്‍, ബാറ്ററി തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ഇതോടെ ഇന്ന് മുതല്‍ വിലകുറയും.
ഇന്ത്യന്‍ കോഫി ഹൗസില്‍ ചായ, ഇഡ്ഡലി, പൂരി, ഇലയട, വട, ചപ്പാത്തി തുടങ്ങി മിക്കവിഭവങ്ങള്‍ക്കും ജിഎസ്ടി വാങ്ങേണ്ടെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. എസി വിഭാഗത്തിലെ ഊണിനും നികുതി വാങ്ങില്ല. ഊണിന് 12 ശതമാനം ജിഎസ്ടി ഉള്‍പ്പടെ 78.40 രൂപയാണ് ഇപ്പോഴത്തെ വില. പുതുക്കിയ വിലയനുസരിച്ച് 70 രൂപ നല്‍കിയാല്‍ മതി. ചിക്കന്‍ ബിരിയാണി, മസാലദോശ, നോണ്‍ എ.സി. വിഭാഗത്തിലെ ഊണ്‍ എന്നിവയ്ക്ക് നികുതിയൊഴിവാക്കിയിട്ടില്ല. 12 ശതമാനം അഞ്ചുശതമാനമാകുന്നതിനാല്‍ നോണ്‍ എ.സി. വിഭാഗത്തിലെ ഊണിന്റെ വില 42 ആയി കുറയും. നികുതി ഒഴിവാക്കുന്നതോടെ ചായയ്ക്ക് ഒമ്ബതു രൂപയുണ്ടായത് എട്ടുരൂപയാകും. പൂരിബാജി സെറ്റും ചായയും കഴച്ചാല്‍ ആറുരൂപയുടെ കുറവുണ്ടാകും.