ആരാധകനെ മര്‍ദിച്ച സംഭവത്തില്‍ ഫ്രഞ്ച് ലീഗിലെ മാഴ്സെ ക്ലബ്ബ് താരം പാട്രിസ് എവ്റക്ക് സസ്പെന്‍ഷന്‍. യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോള്‍ സീസണില്‍ എവ്റക്ക് കളിക്കാനാകില്ലെന്ന് യുവേഫ വ്യക്തമാക്കി. യൂറോപ്പ ലീഗില്‍ ഫ്രഞ്ച് ക്ലബ്ബ് മാഴ്സെയും പോര്‍ച്ചുകീസ് ക്ലബ്ബ് വിറ്റോറിയയും തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫിന് മുമ്പായിരുന്നു മാഴ്സ ഡിഫന്‍ഡര്‍ പാട്രിക് എവ്റ ആരാധകനെ മര്‍ദിച്ചത്.
മത്സരത്തിന് മുമ്പ് വാംആപ്പ് ചെയ്യുന്നതിനിടെ തന്നെ നോക്കി കൂവിയ ആരാധകന്റെ അടുത്തേക്കെത്തിയ എവ്റ ആരാധകനെ ചവിട്ടുകയായിരുന്നു. സഹതാരങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും എവ്റയെ തടുക്കാനാകില്ല. ഇതിനെ തുടര്‍ന്ന് എവ്റക്ക് കളിക്ക് മുമ്പ് തന്നെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു.
സീസണ്‍ അവസാനിക്കുന്നത് വരെയാണ് യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് താരത്തെ യുവേഫ വിലക്കിയിരിക്കുന്നത്. അടുത്ത ജൂണ്‍ 30 വരെയാണ് കാലാവധി. ഇതിന് ശേഷം 36 കാരനായ താരത്തിന് കളത്തിലിറങ്ങാമെന്നാണ് യുവേഫ അറിയിച്ചിരിക്കുന്നത്.