ദുബായ്: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി ഭീഷണിപ്പെടുത്തി കൊണ്ടുവന്ന ഇറാഖ് സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസ്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് ഇറാഖില്‍ നിന്നും കൊണ്ടുവരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 31 വയസുള്ള വീട്ടമ്മയും അവരുടെ 64 വയസുള്ള മാതാവുമാണ് 15നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മനുഷ്യക്കടത്തിലൂടെ കൊണ്ടുവരുന്നത്. വയസ് തിരുത്തി നിയമ വിരുദ്ധമായാണ് കുട്ടികളെ യുഎഇ രാജ്യങ്ങളിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഭീഷണിപ്പെടുത്തിയാണ് 2013ല്‍ തന്നെ യുഎഇയില്‍ കൊണ്ടുവന്നതെന്ന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തി. തന്റെ സഹോദരിയെയും പെണ്‍വാണിഭ സംഘത്തിലേക്ക് കൊണ്ടുവന്നിരുന്നു. തന്റെ ചിത്രങ്ങള്‍ വാട്‌സാപ് വഴി അയച്ചു കൊടുത്താണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പിടിയിലായവര്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
വയസുള്ള സഹോദരിയെ ഇറാഖില്‍ വച്ച് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുവന്നതെന്ന് ഇരയായ മറ്റൊരു പെണ്‍കുട്ടിയും പറഞ്ഞു. ദുബായിലെ വില്ലയില്‍ വച്ചു ചില കടലാസുകളില്‍ ഒപ്പിടാന്‍ പറഞ്ഞിരുന്നു. വിസയുടെ ആവശ്യത്തിനായാണ് എന്നാണ് പറഞ്ഞത്. പക്ഷേ, ഒരു സിറിയന്‍ പൗരനുമായുള്ള വിവാഹത്തിന്റെ എഗ്രിമെന്റ് ആയിരുന്നു ഇത്. കേസില്‍ ആരോപിതയായ 31 വയസുള്ള യുവതിയുടെ സുഹൃത്താണ് ഈ സിറിയന്‍ പൗരന്‍. വില്ലയില്‍ നിന്നും മറ്റുവില്ലകളിലേക്കും സ്ഥലങ്ങളിലേക്കും ഹോട്ടലുകളിലേക്കും ആവശ്യക്കാരെ തേടി പോകുന്നതിനുള്ള സൗകര്യത്തിനാണ് ഈ കരാറെന്ന് ഇരയായ മറ്റൊരു പെണ്‍കുട്ടി പറഞ്ഞു.
ഏതാനും ദിവസം മുന്‍പ് ഇരകളില്‍ ഒരു പെണ്‍കുട്ടി വില്ലയില്‍ നിന്നും പുറത്തുവരികയും പലസ്തീന്‍ സ്വദേശിയായ യുവതി അവരെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതോടെയാണ് വന്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് പൊലീസിന് അറിവ് ലഭിച്ചത്. അല്‍ ഖവാനീജിലെ വില്ലയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 104,000 ദിര്‍ഹം പിടിച്ചെടുത്തു. ഇരകളായ പെണ്‍കുട്ടികളെ ദുബായ് ഫൗണ്ടേഷന്റെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കേസ് വീണ്ടും നവംബര്‍ 28ന് പരിഗണിക്കും.