ആലപ്പുഴ: കൊച്ചിയില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ കേസില്‍ അറസ്റ്റിലായ സംഘം മുമ്പ് പൊലീസിനെയും കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ചു.2016 ഒക്ടോബറില്‍ തുറവൂറിന് സമീപം പള്ളിത്തോട്ടിലെ മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തില്‍ അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടത്തി വരവെ പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണികളായ ഇടുക്കി രാജമുടി കയത്തുങ്കല്‍ സജി വര്‍ഗീസ്, തൃശൂര്‍ സ്വദേശി മഞ്ജു ജോര്‍ജെന്ന മഞ്ജുഷ ഇടപാടുകാരന്‍ കോട്ടയം വേളൂര്‍ ഷാ മന്‍സില്‍ ഷാമോന്‍ എന്നിവരെ കുത്തിയതോട്
എസ്.ഐ: എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ജാമ്യത്തിലിറങ്ങിയ സജിയും മഞ്ജുവും ദമ്പതിമാരാണെന്നും പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നും കാട്ടി സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അഥോരിറ്റിയ്ക്കും വനിതാ കമ്മീഷനിനും പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ വലയിലായത്.
കൊച്ചി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു മീന്‍ വളര്‍ത്തല്‍ കേന്ദ്രം. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.റെയ്ഡിനിടയില്‍ മഞ്ജുവുമായി അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഷാമോനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തിരുന്നു.
അപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന സജി വര്‍ഗീസ് അറസ്റ്റിലായതോടെ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് തന്റെ കൈയ്ക്ക് പരിക്കേറ്റതെന്ന പരാതി നല്‍കുകയായിരുന്നു.
അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുള്‍പ്പെട്ടവര്‍ തന്നെ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജുവും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ തങ്ങളെ കുടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ എന്ന വ്യാജേന കോട്ടയത്ത് പത്ര സമ്മേളനവും നടത്തിയിരുന്നു.
നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സജി വര്‍ഗീസ് മറയൂര്‍ ചന്ദന റിസര്‍വില്‍ നിന്നും ചന്ദനമരം മോഷ്ടിച്ചു കടത്തിലൂടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്.
മറയൂരിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സഹായിയായി ഒപ്പമുണ്ടായിരുന്നയാളുടെ ഭാര്യയുമായി നാടുവിടുകയായിരുന്നു. ആലുവ ചെങ്ങമ്മനാടിന് സമീപം ചുങ്കത്ത് താമസിക്കുന്നതിനിടയിലാണ് കൊച്ചിയിലെ
അനാശാസ്യ സംഘവുമായി സജിക്ക് ബന്ധമുണ്ടാകുന്നത്. വിവരം നാട്ടുകാര്‍ അറിഞ്ഞതോടെ കൂടെ താമസിച്ചിരുന്ന സുഹൃത്തിന്റെ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഇയാള്‍ കുറച്ചു കാലം ഇടുക്കിയിലെ കുടുംബവീട്ടില്‍ തങ്ങിയിരുന്നു.
പിന്നീട് കര്‍ണാടകയിലെത്തി കഞ്ചാവ് കൃഷി നടത്തിപ്പില്‍ പങ്കാളിയായി. കഞ്ചാവ് കേസില്‍ അറസ്റ്റിലായതിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ കൊച്ചി ബോട്ട് ജട്ടി കേന്ദ്രമാക്കിയുള്ള കള്ളക്കടത്ത് – പെണ്‍വാണിഭ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.ഈ കാലത്താണ് മഞ്ജുവും സജിയും പരിചയത്തിലാവുന്നതും വാണിഭ സംഘം രൂപീകരിക്കുന്നതും.