ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാളന്‍ രാജിവെച്ചു. ലൈംഗികാരോപണത്തെ തുടര്‍ന്നാണ് ഫാളന്റെ രാജി. പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ രാജി.
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂലിയ ഹാര്‍ട്ലെബ്രീവെര്‍ എന്ന മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഫാളന്റെ രാജി. താനടക്കം പാര്‍ലമെന്റിലെ നിരവധി എംപിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ചിലതെല്ലാം വസ്തുതാ വിരുദ്ധമാണ്. തന്റെ പൂര്‍വകാല പെരുമാറ്റങ്ങള്‍ സായുധസേനയ്ക്ക് ആവശ്യമായ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നില്ലെന്നും രാജിക്കത്തില്‍ ഫാളന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂലിയയെ അപമാനിക്കുന്ന വിധത്തില്‍ ഫാളന്‍ തുടര്‍ച്ചയായി ശ്രമിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ട് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിരോധ സെക്രട്ടറി രാജി വച്ചിരിക്കുന്നത്. അതേസമയം രാജിവെയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി അദ്ദേഹം സ്വന്തം പദവിയില്‍ നിന്നുകൊണ്ട് സര്‍ക്കാരിനും രാജ്യത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ അഭിനന്ദിച്ചു. പുതിയ പ്രതിരോധ സെക്രട്ടറി ആരാണെന്ന് സംബന്ധിച്ച പ്രഖ്യാപനം വരും മണിക്കൂറുകളില്‍ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാളന്‍ പത്രപ്രവര്‍ത്തകയായ ബ്രൈയോണി ഗോര്‍ഡനെ ഒരു പാര്‍ട്ടിക്കിടയില്‍ വച്ച് ‘ വൃത്തികെട്ട സ്ത്രീ’ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. താന്‍ ഇതിലും കൂടുതല്‍ അധാര്‍മിക പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കാന്‍ ഫാളന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നാണ് ഒരു ഉറവിടം ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ഫാലനില്‍ നിന്നുമുണ്ടായ ദുരനുഭവം സ്ഥിരീകരിച്ച് ജൂലിയ ടാക്ക് റേഡിയോവിലൂടെ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഫാളന്റെ രാജിയോടെ തന്റെ കാബിനറ്റ് അടിയന്തിരമായി പുനക്രമീകരിക്കാന്‍ തെരേസ നിര്‍ബന്ധിതയായിരിക്കുകയാണ്. ബ്രെക്സിറ്റ് തികഞ്ഞ അനിശ്ചിതത്വത്തിലൂടെ കടന്ന് പോകുന്ന ഈ വേളയില്‍ ഈ തലവേദന കൂടി പ്രധാനമന്ത്രിക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്.