അബുദാബി: പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ വാദം പുനഃരാരംഭിച്ചു. നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ആരോപണ വിധേയനായ പാക്ക് പൗരന്‍ കോടതിക്കു മുന്നില്‍ കുറ്റം നിഷേധിച്ചു. പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചു.
സംഭവം നടക്കുമ്പോള്‍ കുറ്റാരോപിതനായ പാക്ക് പൗരന്‍ അബുദാബിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗത്തിന്റെ പുതിയ വാദം. സംഭവം നടന്നത് ജൂണ്‍ മാസത്തിലാണ്. ഈ സമയം പ്രതി, തന്റെ ജോലി സ്ഥലമായ അബുദാബി അതിര്‍ത്തി പ്രദേശമായ മുസാഫയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, ക്രൂരമായ കൃത്യം നടത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.