ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം തെളിഞ്ഞിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് മുന്‍ എംഎല്‍എ : എ.വി താമരാക്ഷന്‍ കുറ്റപ്പെടുത്തി.
കായല്‍ കയ്യേറ്റം അതീവ ഗുരുതരമാണെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യു വകുപ്പ് അംഗീകരിച്ചിട്ടും തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് എ.വി താമരാക്ഷന്‍ പറഞ്ഞു.
ഭൂമി കയ്യേറ്റമുള്‍പ്പെടെ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എന്നിട്ടും എന്തിനാണ് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഭൂസംരക്ഷണ നിയമത്തില്‍ അനുസരിച്ചുള്ള ക്രിമനല്‍ കുറ്റമുള്‍പ്പെടെ നിരവധി ഗുരുതരമായ കണ്ടെത്തലുകളാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ഭരണഘടന പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ഒരാള്‍ ഇത്രയും ഗൗരവതരമേറിയ തെറ്റുകള്‍ ചെയ്തുവെന്ന് കണ്ടത്തിയ സ്ഥിതിക്ക് ഒരു നിമിഷം പോലും അദ്ദേഹത്തെ മന്ത്രി സഭയില്‍ തുടരാന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്.
നിയമസഭയില്‍നിന്ന് ജനങ്ങളെയും, ജനപ്രതിനിധികളെയും വെല്ലുവിളിച്ച തോമസ് ചാണ്ടി ആത്മാര്‍ഥതയുണ്ടെങ്കില്‍ രാജിവെച്ച് പുറത്ത് പോവുകയാണ് വേണ്ടതെന്നും എ.വി താമരാക്ഷന്‍ പറഞ്ഞു.