അടൂര്‍: പച്ചക്കറി വ്യാപാരി മകളുടേതിനൊപ്പം നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെയും വിവാഹം നടത്തിക്കൊടുത്ത് നന്മയുടെ പുതുവഴി തുറന്നു. പൊങ്ങലടി മാന്ത്രയില്‍ അനില്‍കുമാറിന്റെ മകള്‍ രേഷ്മയുടെയും പൊങ്ങലടി കാവിന്റെ പടിഞ്ഞാറ്റേതില്‍ ഗീതയുടെയും വിവാഹങ്ങളാണു നടന്നത്. ഗീതയുടെ മാതാപിതാക്കള്‍ മരിച്ചുപോയതാണ്. ഇന്നലെ രാവിലെ അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ ആദ്യം ഗീതയുടെ വിവാഹമായിരുന്നു. അനില്‍കുമാറും ഭാര്യ സിന്ധുവും കൂടിയാണ് ഗീതയെ കതിര്‍മണ്ഡപത്തിലേക്ക് കൈപിടിച്ചുകയറ്റിത്. പാവുമ്പ സ്വദേശി ശംഭു ഗീതയ്ക്കു വരനായി. ഇതിനു ശേഷമാണ് അനിലിന്റെ മകള്‍ രേഷ്മയുടെ കഴുത്തില്‍ കൊട്ടിയം സ്വദേശി വിഷ്ണു താലി കെട്ടിയത്. ഗീതയുടെ വിവാഹത്തിന് എട്ടു പവന്റെ സ്വര്‍ണം നല്‍കിയതിനൊപ്പം നാനൂറു പേര്‍ക്കു ഭക്ഷണവും ഒരുക്കി. അതിഥികളെ വിവാഹ സ്ഥലത്തെത്തിച്ചതും അനിലിന്റെ ചെലവിലാണ്.