മസ്‌കത്ത് :അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന് വേണ്ടി ഒമാന്‍ ജഴ്സി അണിയാന്‍ മലയാളി താരങ്ങളും. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയും ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ഹരികേശവ് പ്രമോദ്, മലപ്പുറം മലക്കരപ്പറമ്പ് സ്വദേശിയും ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ സനിന്‍ നിസാര്‍ ഫഹദ് എന്നിവരാണ് ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഒമാന്‍ ടീമില്‍ ഇടം നേടിയത്. ഈ മാസം 29 മുതല്‍ അടുത്ത മാസം എട്ട് വരെയാണ് മലേഷ്യയില്‍ എസിസി യോഗ്യതാ മത്സരങ്ങള്‍.
അണ്ടര്‍ 19 ദേശീയ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഒമാന്‍ ക്രിക്കറ്റ് സംഘടിപ്പിച്ച ലീഗ് മാച്ചിലെ മികച്ച പ്രകടനമാണ് രണ്ടുപേര്‍ക്കും വഴി തുറന്നത്. സ്‌കൂള്‍ ടീമുകള്‍, ഒമാനിലെ ക്രിക്കറ്റ് അക്കാദമി ക്ലബുകള്‍ എന്നിവര്‍ തമ്മിലായിരുന്നു ലീഗ് മത്സരങ്ങള്‍. ലീഗ് റൗണ്ടിലെ പ്രകടനം വിലയിരുത്തി തിരഞ്ഞെടുത്ത 70 പേരെ ഉള്‍പ്പെടുത്തി ഒമാന്‍ ക്രിക്കറ്റ് ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് 18 പേരടങ്ങുന്ന ദേശീയ ക്രിക്കറ്റ് ടീമിനെ രൂപപ്പെടുത്തിയത്.