ദുബായ്: ദുബായ് സെന്‍ട്രല്‍ ജയിലില്‍ അര്‍ധനഗ്‌നയായി നൃത്തം ചെയ്യുകയും ഇത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത തടവുകാരിക്ക് ആറു മാസം അധികതടവുശിക്ഷ വിധിച്ചു. 23 വയസുള്ള സ്വദേശി യുവതിയാണ് ഡിസംബറില്‍ ജയിലില്‍ അതിക്രമം കാണിച്ചത്. ആഘോഷ വേളയില്‍ മറ്റു തടവുകാരികള്‍ക്കൊപ്പം ജയിലിലെ തുറന്ന പ്രദേശത്ത് അര്‍ധനഗ്‌നയായി നൃത്തം ചെയ്യുകയായിരുന്നു യുവതി.
ഗ്ലാസ് വാതിലിന് മറുവശത്ത് നില്‍ക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഇതുകാണുകയും നൃത്തം നിര്‍ത്തിവച്ച് ജയില്‍ ഓഫീസിലേക്ക് വരാന്‍ പറയുകയും ചെയ്തു. മോശമായ രീതിയില്‍ വസ്ത്രം ധരിച്ചിരുന്ന തടവുകാരി, ജയില്‍ ഡയറക്ടര്‍ ആഘോഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദീകരണം നല്‍കി. പെട്ടെന്ന് സംഭാഷണം തര്‍ക്കത്തിലേക്ക് മാറി.
തടവുകാരി തന്റെ ശരീരത്തിലുണ്ടായ വസ്ത്രങ്ങള്‍ പൂര്‍ണമായും വലിച്ചെറിയുകയും പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. തര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ കുടുംബത്തെ അപമാനിക്കുകയും കൈകൊണ്ട് മോശം ചേഷ്ടകള്‍ കാണിക്കുകയും ചെയ്ത യുവതിയെ മറ്റു തടവുകാര്‍ വന്ന് പിടിച്ചുമാറ്റുകയായിരുന്നു.
ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തടവുകാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. ജയില്‍ പരിസരത്ത് തടവുകാരി നഗ്‌നയായി പൊലീസുകാരിയെ മര്‍ദിക്കുന്നത് കണ്ടെന്ന് സഹപ്രവര്‍ത്തകര്‍ ചില ജയില്‍പുള്ളികളും മൊഴി നല്‍കുകയും ചെയ്തു. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.