ചെന്നൈ: ജനപ്രിയ സംവിധായകന്‍ ഐ.വി.ശശിയുടെ (69) സംസ്‌കാരം ചെന്നൈയിലെ പൊരൂര്‍ വൈദ്യുതി ശ്മശാനത്തില്‍ നടന്നു. സംവിധായകന് സിനിമാ ലോകം ആദരമര്‍പ്പിച്ചു. മകളെ കാണാന്‍ ചൊവ്വാഴ്ച വൈകീട്ട് ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു.
കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.മകളുടെ അടുത്തേക്ക് ഭാര്യ സീമയ്ക്കും മകന്‍ അനിക്കുമൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കേയാണ് മരണം ഐ.വി ശശിയെ കവര്‍ന്നെടുത്തത്. യാത്രയ്ക്കുള്ള ടിക്കറ്റും വീല്‍ചെയര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ന്യൂസിലാന്‍ഡില്‍ ആയിരുന്ന മകന്‍ ഇന്നലെ രാത്രിയാണ് ചെന്നൈയിലെ വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് മരണം കടന്നുവന്നത്. രോഗം മൂര്‍ഛിച്ച ഐ.വി ശശിയെ മകനും ഭാര്യയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധിപ്പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.