കാട്ടില്‍ ആര്‍മാദിച്ച് ഉല്ലസിച്ചുനടക്കേണ്ടതായിരുന്നു ആ സിംഹക്കുട്ടി. എന്നാല്‍, ഒരു യുവാവ് സമൂഹമാധ്യമങ്ങളില്‍ താരമാകന്‍ സിംഹക്കുട്ടിയെ അതിന്റെ മാതാപിതാക്കളില്‍ നിന്ന് അടര്‍ത്തി മാറ്റി കൂടെ താമസിപ്പിച്ചു.
കൂടെക്കൊണ്ടുവന്ന് ആദ്യദിവസങ്ങളില്‍ സിംഹക്കുട്ടിയോടൊപ്പമുള്ള സെല്‍ഫികളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഫ്രഞ്ച് പൊലീസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി അയാളുടെ വീട്ടിലെത്തി.
എന്നാല്‍, സിംഹക്കുട്ടിയെ അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ പാരീസില്‍ തന്നെയുള്ള ഒരു ഇടുങ്ങിയ അപ്പാര്‍ട്ട്മെന്റിനുള്ളിലെ ഇരുമ്പുകൂട്ടില്‍ ആ സിംഹക്കുട്ടിയെ കണ്ടെത്തി. സിംഹക്കുട്ടിയെ കൈവശംവച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, ഇയാള്‍ക്ക് എവിടെനിന്നാണ് സിംഹക്കുട്ടിയെ ലഭിച്ചത് എന്നത് പൊലീസിന് ഇപ്പോഴും അറിയില്ല. മതിയായ ആഹാരമൊന്നും കിട്ടാതെ ക്ഷീണിച്ചിരുന്ന സിംഹക്കുട്ടിയെ പാരീസിലെ ഒരു മൃഗശാലയിലേക്കു മാറ്റി.