അടൂര്‍: കേരള ലോട്ടറിയുടെ നമ്പര്‍ തിരുത്തി പണം തട്ടുന്ന സംഘം അടൂരില്‍ വ്യാപകമായി. ഞായറാഴ്ച നെല്ലിമൂട്ടിപ്പടിയില്‍വെച്ച് കുണ്ടറ വെള്ളിമണ്‍ സ്വദേശിയായ തുളസീധരന്‍പിള്ള എന്ന ലോട്ടറി കച്ചവടക്കാരന് നഷ്ടമായത് മൂവായിരം രൂപ.
കാരുണ്യ ലോട്ടറിയുടെ ആയിരം രൂപ സമ്മാനം അടിച്ച മൂന്ന് ലോട്ടറിയുമായി വന്നാണ് പറ്റിച്ച് പണം വാങ്ങിപ്പോയത്. ലോട്ടറിയിലെ 8832 എന്ന നമ്പര്‍ തിരുത്തി 8362 എന്നാക്കിയാണ് പണം തട്ടിയെടുത്തത്. ഒരാള്‍ക്കുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് നമ്പര്‍ തിരുത്തിയിട്ടുള്ളത്.
ലോട്ടറി ടിക്കറ്റിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് നോക്കിയപ്പോഴാണ് നമ്പര്‍ തിരുത്തിയാണ് സമ്മാനം കൈപ്പറ്റിയിട്ടുള്ളതെന്ന് അറിഞ്ഞത്. തിങ്കളാഴ്ചയും അടൂര്‍ നഗരത്തിലെ ഒരു കച്ചവടക്കാരന്റെ പക്കലും ഇത്തരത്തിലുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി വന്നു. ലോട്ടറി ടിക്കറ്റില്‍ തിരുത്തലുകള്‍ നടത്തി പണം തട്ടുന്ന സംഘങ്ങള്‍ മുന്‍പ് തന്നെ നഗരത്തില്‍ വ്യാപകമാകുന്നുവെന്ന് സൂചന ഉണ്ടായിരുന്നു.
ചെറിയ തുകകളാണ് മിക്കവരും ഇത്തരത്തില്‍ തട്ടിയെടുക്കുന്നത്. അതിനാല്‍ തന്നെ മിക്ക കച്ചവടക്കാരും പരാതിപ്പെടാറുമില്ല. ഞായറാഴ്ച തട്ടിപ്പ് നടന്നതിനെപ്പറ്റി തുളസീധരന്‍പിള്ള അടൂര്‍ പോലീസില്‍ പരാതി നല്‍കി