ദുബായ്: ലൈംഗിക പീഡനത്തിനിരയാവുകയും രണ്ടുമാസമായി നിര്‍ബന്ധിത വേശ്യാവൃത്തി ചെയ്യുകയുമായിരുന്ന 14 വയസുള്ള ഏഷ്യന്‍ പെണ്‍കുട്ടിയെ ദുബായ് പൊലീസ് രക്ഷിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തിയ അപാര്‍ട്ട്‌മെന്റില്‍ നിന്നു തന്നെ മറ്റൊരു സംഘം യുവതികളെയും ദുബായ് പൊലീസ് മനുഷ്യക്കടത്ത് വിരുദ്ധ സംഘം രക്ഷപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ട മാംസക്കച്ചവട സംഘം അപ്പാര്‍ട്ടമെന്റില്‍ പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് ദുബായ് പൊലീസ് മനുഷ്യക്കടത്ത് വിരുദ്ധ സംഘം ഡയറക്ടര്‍ കേണല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സഹീര്‍ പറഞ്ഞു. സംഭവവുവമായി ബന്ധപ്പെട്ട് ബംഗ്ലാദേശി പൗരനായ പുരുഷനെയും സ്ത്രീയെയും പിടികൂടി.
സ്വന്തം അമ്മാവന്‍ 14 വയസുള്ള പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ വയസ് തിരുത്തി 24 എന്നാക്കി ഒരു ജിസിസി രാജ്യം വഴി ദുബായിലേക്ക് അയച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി വ്യഭിചാര സംഘത്തിന്റെ കയ്യിലേക്കാണ് പോകുന്നതെന്ന് അമ്മാവന് അറിയാമായിരുന്നു. ഇതിനായി ഇയാള്‍ പണം കൈപ്പറ്റി. ജിസിസി രാജ്യത്തെത്തിയ പെണ്‍കുട്ടിയെ സംഘത്തിലെ ഒരാള്‍ മസാജ് പാര്‍ലറില്‍ ജോലിയ്ക്ക് നിര്‍ത്തി. ഇവിടെ വച്ച് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. പിന്നീട്, പെണ്‍കുട്ടിയെ വ്യഭിചാരത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും പൊലീസ് പറഞ്ഞു.