ചെന്നൈ: ജനപ്രിയ സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. ഓസ്ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. നാളെ ഉച്ചയ്ക്കു ശേഷം മകള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.മകളുടെ അടുത്തേക്ക് ഭാര്യ സീമയ്ക്കും മകനുമൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കേയാണ് മരണം ഐ.വി ശശിയെ കവര്‍ന്നെടുത്തത്. യാത്രയ്ക്കുള്ള ടിക്കറ്റും വീല്‍ചെയര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ന്യൂസിലാന്‍ഡില്‍ ആയിരുന്ന മകന്‍ ഇന്നലെ രാത്രിയാണ് ചെന്നൈയിലെ വീട്ടില്‍ എത്തിയത്. ഇന്നു രാവിലെ അപ്രതീക്ഷിതമായാണ് മരണം കടന്നുവന്നത്. രോഗം മൂര്‍ഛിച്ച ഐ.വി ശശിയെ മകനും ഭാര്യയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധിപ്പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
നേരത്തെ, ഐ.വി.ശശിയുടെ സംസ്‌കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കള്‍ സമ്മതിച്ചാല്‍ കോഴിക്കോട്ട് സംസ്‌കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് ഐ.വി.ശശി. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്‌നി. മക്കള്‍: അനു, അനി.
1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി. ഉത്സവം ആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി. കുടുംബത്തോടെ ചെന്നൈയിലായിരുന്നു താമസം.