ദുബൈ: മറ്റൊരാളെ വിവാഹം ചെയ്താല്‍ കുടുംബത്തോടെ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് 30 കാരിയായ ഇന്ത്യന്‍ യുവതിക്ക് യുവാവിന്റെ ഭീഷണി. ഇന്ത്യന്‍ വംശജനായ 35കാരനാണ് സോഷ്യല്‍ മീഡിയ വഴി യുവതിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. മറ്റൊരു പുരുഷനെ വിവാഹം കഴിക്കുകയോ വിവാഹം നിശ്ചയിക്കുകയോ ചെയ്താല്‍ ആദ്യം ഇരയാവുക പെണ്‍കുട്ടിയുടെ അമ്മയാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നല്‍കി.
ആദ്യം തന്റെ മാതാവും പിന്നീട് കുടുംബത്തിലെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഭീഷണി. ഇതിനുള്ള കാരണം താനാണെന്നും ഇയാള്‍ പറഞ്ഞതായി മുപ്പതുകാരി പരാതിയില്‍ ഉന്നയിച്ചു. അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലാണ് ഇന്ത്യക്കാരി പരാതി നല്‍കിയത്. വാട്സാപ്പ്, മെസേജുകള്‍, മൊബൈല്‍ഫോണ്‍, ജിമെയില്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി പറയുന്നു. മാനേജര്‍ക്കെതിരെ ബ്ലാക്ക്മെയിലിങ്, സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയെന്ന് പൊലീസ് അറിയിച്ചു.
പരാതി നല്‍കുന്നതിന് ആറുമാസം മുന്‍പ് മുതലാണ് മാനേജര്‍ യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. പുതിയ ജോലിയുമായി ബന്ധപ്പെട്ട് ലിങ്ക്ഡ് ഇന്‍ വഴി യുവതിയുടെ ബയോഡാറ്റ കൈമാറിയിരുന്നു. എന്നാല്‍, അന്നുമുതല്‍ യുവതിയെ ഇഷ്ടമായെന്നും വിവാഹം കഴിക്കണമെന്നും മാനേജര്‍ പറഞ്ഞതായി യുവതി പൊലീസില്‍ അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.
യുവതിക്ക് പിന്നീട്, മറ്റൊരു കമ്പനിയില്‍ ഹ്യൂമന്‍ റിസോര്‍സ് അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചു. പക്ഷേ, അപ്പോഴും ഇന്ത്യക്കാരനായ മാനേജര്‍ യുവതിയെ ശല്യം ചെയ്തുകൊണ്ടിരുന്നു. വിവിധ നമ്പറുകളില്‍ നിന്നും മാറിമാറി വിളിച്ചു. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇ മെയില്‍ തുടങ്ങിയവയിലൂടെ ശല്യപ്പെടുത്തി. സെപ്റ്റംബര്‍ ഏഴിന് താന്‍ ജോലി ചെയ്യുന്ന സ്ഥലത്തും ഇയാള്‍ എത്തിയെന്നും ഇതുതന്നെ ഭയപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. താമസിക്കുന്ന വിലാസം കണ്ടെത്താന്‍ വളരെ എളുപ്പമാണെന്നും വളരെ മോശം കാര്യങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും മാനേജര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞു. ഇന്ത്യന്‍ മാനേജര്‍ അയച്ച സന്ദേശങ്ങള്‍ ഇതിനുള്ള തെളിവായി ശേഖരിച്ചിട്ടുണ്ട്. കേസ് വീണ്ടും നവംബര്‍ 14ന് പരിഗണിക്കും.