കോഴിക്കോട്: കോഴിക്കോട് വൈഎംസിഎ റോഡിലേക്കുള്ള ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടി കൂടി. ഗാന്ധിറോഡ് സ്വദേശി ജംഷീറാണ് പിടിയിലായത്.
പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുത്ത് ഒരുദിവസത്തിനുള്ളിലാണ് പ്രതി പിടിയിലാവുന്നത്.
ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല.
കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുള്ള വിവരം.
സംഭവം നടക്കുന്നതിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയുമായിരുന്നു.