കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്സിനെയാണ് സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ വീട്ടിലെത്തി സംഘം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.
രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.
സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും.
അതേസമയം കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എറണാകുളത്തിലെ പൊലീസ് സേഫ് ഹൗസിലാണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനും പങ്കെടുത്തിരുന്നു. കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് യോഗത്തിന് ശേഷം എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ഇപ്പോള്‍ ദിലീപ് 11-ാം പ്രതിയാണ്.
ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് യോഗം മറ്റൊരിടത്തേക്ക് മാറ്റിയത്. കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ ഒന്നാം പ്രതിയാക്കാനുള്ള തീരുമാനത്തിലാണ് സംഘം എത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമവശങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദിലീപിനെ ഒന്നാം പ്രതിയോ രണ്ടാം പ്രതിയോ ആക്കാമെന്ന് നേരത്തെ തന്നെ നിയമോപദേശം ലഭിച്ചിരുന്നു. കേസില്‍ നിലവില്‍ ഒന്നാം പ്രതിയാക്കിയിരിക്കുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന് നടിയോട് പൂര്‍വ്വ വൈരാഗ്യമൊന്നും ഇല്ലായിരുന്നുവെന്നും ദിലീപ് ഏല്‍പ്പിച്ച ജോലി മാത്രമാണ് സുനില്‍ കുമാര്‍ ചെയ്‌തെന്നുമാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ക്വട്ടേഷന്‍ കൊടുത്ത ദിലീപിനെ ഒന്നാം പ്രതിയാക്കിയ ശേഷം സുനില്‍ കുമാറിനെ കൂട്ടുപ്രതിയാക്കും. 11 പേരുള്ള പുതിയ കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഇത് കോടതിയില്‍ സമര്‍പ്പിച്ചേക്കും.