അടൂര്‍: പമ്പില്‍ ഡീസല്‍ അടിക്കാന്‍ എത്തിയ ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്ക് തുറക്കുന്നതിനിടയില്‍ ടാങ്കിന്റെ ഭാഗത്ത് ഇരിക്കുന്നു ഒരു ഉടുമ്പ്. ഇതിനെ കണ്ട് ആദ്യം ഡ്രൈവറും പിന്നീട് ഓടിക്കൂടിയവരും ഒന്നു ഞെട്ടി. ഒടുവില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് കുത്തിയിളക്കിയപ്പോള്‍ പുറത്തേക്ക് ചാടിയ ഉടുമ്പിനെ നാട്ടുകാര്‍ പിടികൂടി വനപാലകരെ ഏല്‍പിച്ചു. ഇന്നലെ വൈകിട്ട് 4.30ന് സെന്‍ട്രല്‍ ജംക്ഷനിലുള്ള പമ്പില്‍ ഡീസല്‍ അടിക്കാന്‍ എത്തിയ വടക്കടത്തുഭാഗത്തുള്ള ഓട്ടോറിക്ഷയിലാണ് ഉടുമ്പിനെ കണ്ടത്.
ഇന്ധനം അടിക്കാന്‍ ടാങ്ക് തുറക്കുമ്പോഴാണ് അതിന്റെ ഭാഗത്ത് അള്ളിപ്പിടിച്ചിരിക്കുന്ന ഉടുമ്പിനെ കാണുന്നത്. അപ്പോഴേക്കും ഓട്ടോറിക്ഷയുടെ ഭാഗത്ത് ആള്‍ക്കാര്‍ കൂടി. പിന്നീട് ഡ്രൈവറും ഓടിക്കൂടിയവരും ചേര്‍ന്ന് ഉടുമ്പിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. പിന്‍ഭാഗത്തുള്ള സീറ്റ് ഇളക്കിയപ്പോഴേക്കും പുറത്തേക്ക് ചാടിയ ഉടുമ്പ് എംസി റോഡ് കടന്ന് സമീപത്തുള്ള മില്‍മ ബൂത്തിന്റെ അടുത്തുകൂടി സലാമത്ത് സ്റ്റോഴ്‌സിന്റെ ഭാഗത്ത് എത്തി.
അവിടെ വച്ച് നാട്ടുകാര്‍ പിടികൂടി ചാക്കിനുള്ളിലാക്കിയ ശേഷം പമ്പിന്റെ ഭാഗത്ത് കെട്ടിയിട്ടു. വിവരമറിഞ്ഞ് കോന്നിയില്‍ നിന്ന് വനപാലകര്‍ അഞ്ചരയോടെ എത്തി അതിനെ കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഈ ഓട്ടോറിക്ഷ ശബരിമലയ്ക്ക് തീര്‍ഥാടകരെയും കൊണ്ട് ഓട്ടം പോയിരുന്നു. ആ സമയത്തെങ്ങാനും ഓട്ടോയില്‍ കടന്നുകൂടിയതായിരിക്കാമെന്ന് കരുതുന്നു.