പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടു. മേല്‍ശാന്തിയുമായി സംസാരിച്ചതിനു പിന്നാലെ ദിലീപ് ക്ഷേത്രത്തില്‍ നിന്നും മടങ്ങുകയും ചെയ്തു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനം ഇന്നുണ്ടാകും. ഗൂഢാലോചന കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം ഇന്ന് കൊച്ചിയില്‍ യോഗം ചേരും. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശനും യോഗത്തില്‍ പങ്കെടുക്കും.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം.നടന്‍ ദിലീപിനെതിരെ പരമാവധി തെളിവുകള്‍ നിരത്തി ഗൂഢാലോചന തെളിയിക്കാന്‍ പോന്ന കുറ്റപത്രം തയ്യാറാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ബി സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേരുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാര്‍ രക്ഷപ്പെടാന്‍ വഴിവെക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം തയ്യാറാക്കാനുള്ള നീക്കം. കുറ്റപത്രം എന്ന് കോടതിയില്‍ സമര്‍പ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും. കേസിലെ നിര്‍ണ്ണായക തൊണ്ടിമുതലായ മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളും അതിന്റെ നിയമ വശങ്ങളും ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യും.