ദാമ്പത്യ പരാജയങ്ങളില്‍ ആത്മഹത്യ, പ്രേമനൈരാശ്യത്താല്‍ ആത്മഹത്യ, മാതാപിതാക്കള്‍ വഴക്കു പറഞ്ഞാല്‍ ആത്മഹത്യ, പരീക്ഷയില്‍ തോറ്റാല്‍ ആത്മഹത്യ, കടം കയറിയാല്‍ ആത്മഹത്യ, കൃഷി നശിച്ചാല്‍ ആത്മഹത്യ, കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ

18 second read

മാതാപിതാക്കള്‍ വഴക്കു പറഞ്ഞാല്‍ ആത്മഹത്യ, പരീക്ഷയില്‍ തോറ്റാല്‍ ആത്മഹത്യ, പ്രേമനൈരാശ്യത്താല്‍ ആത്മഹത്യ, ദാമ്പത്യ പരാജയങ്ങളില്‍ ആത്മഹത്യ, കടം കയറിയാല്‍ ആത്മഹത്യ, കൃഷി നശിച്ചാല്‍ ആത്മഹത്യ, കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ, കുറ്റം ചെയ്ത് ശിക്ഷിക്കപ്പെടുമെന്ന് കണ്ടാല്‍ ആത്മഹത്യ… അങ്ങനെ എന്തിനുമേതിനും ആത്മഹത്യ തെരഞ്ഞെടുക്കുന്ന സമൂഹമായി മാറിയിരിക്കുന്നു നമ്മുടേത്.

ആത്മഹത്യ വീരമൃത്യു ആയി മാറിയതും നാം ചരിത്രത്തില്‍ പഠിച്ചു. ധീരദേശാഭിമാനി വേലുത്തമ്പി ദളവ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിന്റെ പിടിയിലകപ്പെടാതെ മണ്ണടിയില്‍ ഒളിവില്‍ താമസിക്കുമ്പോള്‍ പിടിക്കപ്പെടുമെന്ന് കണ്ട് വാള്‍ കൊണ്ട് സ്വയം കുത്തി മരിച്ചതാണ് ആ സംഭവം. അധ്യാപികയായ കന്യാസ്ത്രീ തന്നെ രോഗം കീഴ്പ്പെടുത്തിയപ്പോള്‍ കോണ്‍വെന്റില്‍ വെച്ച് വിഷം കഴിക്കുകയും കൈത്തണ്ടയിലെ ഞരമ്പു മുറിച്ചതിനു ശേഷം മുറ്റത്തെ കിണറ്റില്‍ ചാടി മരിച്ചതും, റോഡിലൂടെ പാഞ്ഞുവന്ന കാറിനു മുന്നില്‍ യുവാവിനെ തള്ളിയിട്ടു കൊന്ന ഡി.വൈ.എസ്.പി താന്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വീട്ടില്‍ തൂങ്ങിമരിച്ചതും അടുത്തിടെ നടന്ന സംഭവങ്ങളാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആത്മഹത്യനിരക്ക് ഒരുലക്ഷം പേര്‍ക്ക് 21.6 എന്ന ക്രമത്തിലാണ്. എന്നാല്‍ അഖിലേന്ത്യ തലത്തില്‍ ആത്മഹത്യനിരക്ക് ഒരു ലക്ഷം പേര്‍ക്ക് 10.6 എന്ന അനുപാതത്തിലാണ് താനും. 15 വര്‍ഷം മുമ്പ് കേരളത്തിലെ ശരാശരി കണക്ക് 32 ആയിരുന്നു. പതിനഞ്ച് വര്‍ഷത്തെ സാമൂഹികവും മാനസികവും വൈദ്യശാസ്ത്രപരവുമായ ബോധവല്‍കരണങ്ങളിലൂടെയാണ് ഈ സ്ഥിതി കൈവരിക്കാനായത്. ആത്മഹത്യ നിരക്കില്‍ കേരളം ഏഴാം സ്ഥാനത്താണ്. എങ്കിലും വൃദ്ധജനങ്ങളിലും കൗമാരപ്രായക്കാരിലും നിരക്ക് ഉയര്‍ന്ന അളവില്‍ തന്നെയാണ്.

രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ അരങ്ങേറുന്നത് കേരളത്തിലാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ നടന്നത് 505 കര്‍ഷക ആത്മഹത്യകളാണ്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് തൃശൂര്‍ ജില്ലയാണ്. ജില്ലയില്‍ 122 കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, കടക്കെണി തുടങ്ങിയവയാണ് കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് ഒരു വ്യക്തിയെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗമാണ് ആത്മഹത്യ എന്നാണ് ലോകാരോഗ്യസംഘടനയുടെ അഭിപ്രായം. വൈകാരിക രോഗമായ സ്‌കിസോഫ്രീനിയ, മദ്യാസക്തി തുടങ്ങിയവയും ആത്മഹത്യയിലേക്കു നയിക്കുന്നു. വേദനാജനകവും ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകാത്തതുമായ ശാരീരികരോഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍, സാമൂഹിക ഒറ്റപ്പെടല്‍ തുടങ്ങിയവയും ആത്മഹത്യക്കു കാരണമാകുന്നുണ്ട്.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാനസികശേഷി മലയാളികളില്‍ കുറവാണ്. ഒറ്റപ്പെടല്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസരീതിയാണ് ഇന്ന് കുട്ടികള്‍ക്ക് നല്‍കപ്പെടുന്നത്. സൗഹൃദം വികസിപ്പിക്കാനുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൗമാരങ്ങള്‍ക്ക് സാധ്യമാകാതെ വരുന്നു എന്നതാണ് പ്രശ്‌നം.
ജീവിതത്തില്‍ ഒരു പ്രശ്നം വരുമ്പോള്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത അതിജീവനശേഷി ഈ രീതിയില്‍ വളര്‍ത്തപ്പെടുന്ന കുട്ടികളില്‍ ഇല്ലാതെ പോകുന്നു. ഫലമോ ഇവര്‍ നിസാരകാര്യങ്ങള്‍ക്കുപോലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രവാസികളിലും ഇത്തരം പ്രവണത കണ്ടുവരുന്നു. മാനസിക വൈകാരിക പ്രശ്നങ്ങളും വീട്ടുകാരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് നേട്ടങ്ങളുണ്ടാക്കാനാവാത്തതും അവരുടെ കുറ്റപ്പെടുത്തലുകളും ചിലരെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ജോലി സ്ഥലങ്ങളിലെ നിസാര പ്രശ്നങ്ങള്‍ പോലും ആത്മഹത്യയിലേക്കു നയിക്കുന്നു. ആത്മഹത്യ ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരെ സൂക്ഷിക്കണം. അവര്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള സാധ്യതയുണ്ട് എന്നു നാം മനസ്സിലാക്കുക. ആത്മഹത്യ ചെയ്യുന്ന വ്യക്തികളില്‍ 99 ശതമാനവും അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച സൂചനകള്‍ മറ്റുള്ളവര്‍ക്ക് നല്‍കാറുണ്ട്.

ഏതെങ്കിലും ഒരു വ്യക്തി ആത്മഹത്യപ്രവണത പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ നമുക്ക് ഇടപെടാം. അത്തരത്തിലുള്ള ഒരു വ്യക്തിയെ നമ്മുടെ പരിസരത്ത് എവിടെയും കണ്ടാല്‍ അവിടെ ചെന്ന് അദ്ദേഹത്തിന്റെ പ്രയാസം എന്താണെന്ന് അറിയാന്‍ ശ്രമിക്കുക. ആ വ്യക്തിയുടെ അഭിപ്രായം പൂര്‍ണമായി കേള്‍ക്കുക. കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ വസ്തുതാപരമായ വിവരങ്ങള്‍ നല്‍കുക. എന്നിട്ടും പരിഹരിക്കാനാവുന്നില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാന്‍ പ്രേരിപ്പിക്കുക. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉറപ്പു വരുത്തി സാമൂഹികമായ പിന്തുണയിലൂടെ ആ വ്യക്തിയെ ഇതില്‍ നിന്ന് രക്ഷിക്കണം. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ തളരാതിരിക്കുക. ഈശ്വരവിശ്വാസം കൈവിടാതിരിക്കുക. പ്രാര്‍ത്ഥനയും ധ്യാനവും ജീവിതത്തിന്റെ ഭാഗമാക്കുക. നമ്മെക്കാള്‍ കുറവുകളുള്ളവരുമായി താരതമ്യം ചെയ്തു ശീലിക്കുക. ഭിന്നശേഷിക്കാരായ എത്രയോ പേര്‍ ജീവിതത്തിന്റെ നാനാതുറകളില്‍ പ്രശസ്തിയിലും ഉന്നതിയിലും എത്തിയിരിക്കുന്നു. പ്രശ്നങ്ങള്‍ മറികടക്കാന്‍ അത്തരം ചിന്തകള്‍ പ്രയോജനപ്പെടും. സ്വയം സൃഷ്ടിക്കാന്‍ സാധിക്കാത്ത ജീവിതം സ്വയം അവസാനിപ്പിക്കാന്‍ നമുക്ക് അവകാശമില്ലെന്ന് അറിയുക.

  • നദീറ
    MSc Psychology, PGDGC
Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …