കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം

17 second read

ഇടുക്കി: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. അനധികൃതമായി പ്രതിയെ തടങ്കലില്‍ വച്ചുവെന്ന കുറ്റവും ചുമത്തി. നെടുങ്കണ്ടം എസ്ഐ ആയിരുന്ന കെ.എ.സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. സാബു, സജീവ് ആന്റണി എന്നിവരെ ഇന്ന് രാവിലെയാണ് അറസ്റ്റു ചെയ്തത്. കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. അതിനിടെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കുഴഞ്ഞു വീണ എ്‌സഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടിട്ട് പോലും കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ എസ്‌ഐയും സംഘവും കോടതിയില്‍ ഹാജരാക്കായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മരണത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്‌സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഈ തെളിവുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിവസങ്ങളോളം രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ന്യൂമോണിയ ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഉള്ളത്.
അതേസമയം കസ്റ്റഡിമരണത്തില്‍ പങ്കുള്ള മറ്റു പൊലീസുകാരേയും ഉന്നത ഉദ്യോഗസ്ഥരേയും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന നിലപാടിലാണ് രാജ്കുമാറിന്റെ കുടുംബം. നിലവില്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
അതേസമയം രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ പോലസുകാര്‍ക്കെതിരെ നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്‌തേക്കും. സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നെടുങ്കണ്ടം എസ്‌ഐയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് എസ്‌ഐയെ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റു ചെയ്തത്.കൂടുതല്‍ പൊലീസുകാര്‍ വരുംദിവസങ്ങളില്‍ അറസ്റ്റിലാവും എന്നും സൂചനയുണ്ട്.സംഭവത്തെതുടര്‍ന്ന് എസ്ഐ ഉള്‍പ്പെടെ എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. രാജ്കുമാറിനെ ഉരുട്ടിയതെന്ന് പറയപ്പെടുന്ന രണ്ട് പൊലീസ് ഡ്രൈവര്‍മാരും വരും ദിവസങ്ങളില്‍ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്. ഐ സാബു കുഴഞ്ഞുവീണു.

ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
രാജ്കുമാര്‍ അതിക്രൂരമായ മൂന്നാം മുറയ്ക്ക് വിധേയനായെന്ന വിവരം പോസ്റ്റുമോര്‍്ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. നാലു ദിവസവും തുടര്‍ച്ചയായി ഇവര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചെന്നും അപ്പോഴെല്ലാം ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നുമാണ് വിവരം. മാത്രമല്ല യുവാവിനെ ഇവര്‍ ഉറങ്ങാന്‍ സമ്മതിക്കാതിരിക്കുകയും രഹസ്യഭാഗങ്ങളില്‍ കാന്താരി മുളക് ഉടച്ച് തേക്കുകയും ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കണ്ണില്‍ ചോരയില്ലാതെ ഉദ്യോഗസ്ഥര്‍ നടത്തിയ മൂന്നാം മുറയുടെ നടുക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
നാല് ദിവസവും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല. മദ്യപിച്ചതിനു ശേഷം രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് പൊലീസുകാര്‍ രാജ്കുമാറിനെ ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷന് പുറത്തുള്ള തോട്ടത്തില്‍ നിന്ന് കാന്താരി മുളക് കൊണ്ടുവന്ന് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളില്‍ തേച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുള്ളത്. സ്റ്റേഷനുള്ളില്‍ നിന്ന് രാജ്കുമാറിന്റെ അലര്‍ച്ച കേട്ടിരുന്നെന്ന് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി ഹക്കീം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ പൊലീസ് ഉരുട്ടലിനും വിധേയനാക്കിയെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തുടയിലും കാല്‍വെള്ളയിലും മുറിവും ചതവുമുണ്ട്.

മൂര്‍ച്ഛയില്ലാത്ത ആയുധം കൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. ശരീരത്തില്‍ മൊത്തം 22 ചതവുകള്‍ ഉണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരീരമാസകലം മുറിവും ചതവുമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കസ്റ്റഡിയില്‍ അതിക്രൂരമായി രാജ്കുമാറിന് മര്‍ദ്ദനമേറ്റിരുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രാജ്കുമാറിന്റെ മൂത്രസഞ്ചി കാലിയായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മൂത്രസഞ്ചി വരണ്ടിരുന്നതിനാല്‍ നിര്‍ജലീകരണം സംഭവിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. ദാഹിച്ചു വരണ്ട് നിലവിളിച്ചപ്പോള്‍ പൊലീസ് ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ലെന്ന് നേരത്തേ രാജ്കുമാറിന്റെ സഹ തടവുകാരന്‍ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…