യുഎഇയില്‍ ഫ്‌ലാറ്റുകള്‍ക്കു വന്‍ ഡിമാന്‍ഡ്

19 second read

അബുദാബി: പ്രവാസി കുടുംബങ്ങളുടെ വരവ് കൂടിയതോടെ യുഎഇയില്‍ ഫാമിലി ഫ്‌ലാറ്റുകള്‍ക്കു ഡിമാന്‍ഡ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നാട്ടിലേക്കു പോകാന്‍ സാധിക്കാത്തവര്‍ കുടുംബത്തെ യുഎഇയിലെത്തിക്കുന്ന പ്രവണത വര്‍ധിച്ചതാണ് ഡിമാന്‍ഡും വിലയും കൂടാന്‍ കാരണം. ജോലി നഷ്ടപ്പെട്ടും മറ്റും പല കുടുംബങ്ങളും നാട്ടിലേക്കു മടങ്ങിയതോടെ താമസിക്കാന്‍ ആളില്ലാതെ വിവിധ എമിറേറ്റുകളില്‍ കെട്ടിട വാടക കുറഞ്ഞിരുന്നു.

എന്നാല്‍ കുടുംബമായി താമസിക്കുന്ന പ്രദേശങ്ങളില്‍ വാടക കുറയ്ക്കാത്ത കെട്ടിട ഉടമകളുമുണ്ട്. ഇതിനിടെ വര്‍ഷങ്ങളായി യുഎഇയില്‍ തനിച്ചു താമസിക്കുന്നവര്‍ കോവിഡ് യാത്രാ നിയന്ത്രണം മൂലം നാട്ടിലേക്കു പോകാന്‍ സാധിക്കാത്തതിനാല്‍ കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരികയായിരുന്നു. ഭൂരിഭാഗം പേരും ഹ്രസ്വകാല സന്ദര്‍ശക വീസയ്ക്കാണു കൊണ്ടുവരുന്നത്.

ഇത് ഷെയറിങ് അക്കോമഡേഷനു ഡിമാന്‍ഡ് കൂട്ടി. ഷെയറിങ് കിട്ടാതായതോടെ രണ്ടും മൂന്നും കുടുംബങ്ങള്‍ ചേര്‍ന്നു ഫ്‌ലാറ്റുകള്‍ എടുത്തും താമസിച്ചുവരുന്നു. സ്ഥിര താമസത്തിനു വരുന്നവര്‍ ഫ്‌ലാറ്റെടുക്കുകയാണ് ചെയ്യുന്നത്. സ്റ്റുഡിയോ, വണ്‍ബെഡ്‌റൂം ഫ്‌ലാറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടിയത്. അബുദാബിയില്‍ കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളായ മുസഫ ഷാബിയ, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബനിയാസ് എന്നിവിടങ്ങളിലാണ് ഹ്രസ്വകാല താമസത്തിന് ആവശ്യക്കാര്‍ കൂടിയത്.

നേരത്തെ മാസ വാടക 1800-2000 ദിര്‍ഹത്തിന് ഷെയറിങ് റൂം കിട്ടിയിരുന്നത് ഇപ്പോള്‍ 2000-2500 ദിര്‍ഹമായി. വില്ലയില്‍ സ്റ്റുഡിയോ ഫ്‌ലാറ്റിന് വര്‍ഷത്തില്‍ 28,000-32,000, വണ്‍ ബെഡ് റൂം ഫ്‌ലാറ്റിനു 35,000 മുതല്‍ 40,000 വരെയും 2 ബെഡ് റൂം ഫ്‌ലാറ്റിനു 45,000 മുതല്‍ 65000 വരെയും ഈടാക്കുന്നു. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നവും മറ്റും മൂലം ജനങ്ങള്‍ നഗരത്തിനു വെളിയിലെ വില്ലകളിലും ഫ്‌ലാറ്റിനു താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്. ദുബായില്‍ കറാമയും ഖിസൈസും പോലെ അബുദാബിയില്‍ മുസഫ ഷാബിയയിലാണ് ഇടത്തരം കുടുംബങ്ങള്‍ കൂടുതലായി താമസിക്കുന്നത്. വാഹന സൗകര്യമില്ലാത്തവരും ജോലിക്കു പോകാനും വരാനുമുള്ള എളുപ്പം നോക്കി ഇവിടെ താമസിക്കുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …