അതിര്‍ത്തിയില്‍ ചെക്ക്‌പോസ്റ്റുകള്‍ അടച്ചതും യാത്രക്കാരെ തടയുന്നതും :കര്‍ണാടകസര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

18 second read

ബെംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പേരില്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ച് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസയച്ചു. കര്‍ണാടകസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദക്ഷിണകന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷന്‍കൂടിയായ ഡെപ്യൂട്ടി കമ്മിഷണര്‍ക്കുമാണ് നോട്ടീസയച്ചത്. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് താത്കാലികസ്റ്റേ ഇല്ല. കേസ് മാര്‍ച്ച് അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.

അതിര്‍ത്തിയില്‍ ചെക്ക്‌പോസ്റ്റുകള്‍ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19 അണ്‍ലോക്ക് നാലാംഘട്ടത്തില്‍ പറഞ്ഞിരിക്കുന്ന യാത്രാഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ അഭിഭാഷകനായ ബി. സുബ്ബയ്യ റായി നല്‍കിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെമാത്രം കടത്തിവിടാനുമാണ് കര്‍ണാടകയുടെ തീരുമാനമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിര്‍ത്തിജില്ലയായ കാസര്‍കോട്ടുനിന്ന് ദക്ഷിണകന്നഡ ജില്ലയിലേക്കും തിരിച്ചും ജോലി ആവശ്യത്തിനും വ്യാപാര ആവശ്യത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കും ദിവസവും വരുന്നവര്‍ക്ക് ഇത് വലിയ ദുരിതമുണ്ടാക്കുന്നുണ്ട്. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കു വന്നുപോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇതു പ്രയാസമാണ്-ഹര്‍ജിയില്‍ പറഞ്ഞു.

അടിയന്തര പരിഗണന ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് കോടതി പരിഗണിച്ചത്. അണ്‍ലോക്ക് നാലിലെ മാര്‍ഗനിര്‍ദേശം നിലവിലിരിക്കെ എങ്ങനെയാണ് അതിര്‍ത്തിയില്‍ യാത്രക്കാരെ തടയുകയെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ചോദിച്ചു. അന്തസ്സംസ്ഥാന വാഹനങ്ങളെയും യാത്രക്കാരെയും തടയാന്‍ പാടില്ലെന്നാണ് മാര്‍ഗനിര്‍ദേശം. തടയുകയല്ല, ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്ന് അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …