വെള്ളാപ്പള്ളി കാരണം ‘നിരവധി യൂണിയന്‍ ഭാരവാഹികള്‍ ആത്മഹത്യാ ഭീഷണിയില്‍’

17 second read

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ജീവനൊടുക്കിയതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. തന്റെ ആത്മഹത്യാക്കുറിപ്പിലും വെള്ളാപ്പള്ളിക്ക് ഒരു മാസം മുന്‍പ് അയച്ച കത്തിലും മഹേശന്‍ നടത്തിയ വെളിപ്പെടുത്തലിന് അപ്പുറമുള്ള കഥകളും പുറത്തു വരുന്നു. ശ്രീനാരായണ ധര്‍മവേദിയുടെ നേതാവ് ഗോകുലം ഗോപാലനാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പിന്റെ കാണാക്കഥകള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. കോളജ്-സ്‌കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വാങ്ങുന്ന കോഴയുടെ കഥകളും പിന്നാലെ എത്തും.

കേസില്‍ വെള്ളാപ്പള്ളിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗോകുലം ഗോപാലന്‍ രംഗത്തെത്തിയത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മഹേശന്‍ ആത്മഹത്യ ചെയ്തത് കടുത്ത മാനസിക പീഡനം മൂലമാണെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഇക്കാര്യം മഹേശന്‍ എഴുതിയ മരണക്കുറിപ്പില്‍ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.

സത്യസന്ധനായ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ സെപ്ഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഇതിനായി ചുമതലപ്പെടുത്തണം. വിവിധ യൂണിയന്‍ ഓഫീസുകളില്‍ 500 കോടിയുടെ മൈക്രോ ഫിനാന്‍സ് അഴിമതി നടന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നു. യൂണിയന്‍ നേതൃത്വം മൈക്രോ ഫിനാന്‍സ് ലോണ്‍ ബാങ്കില്‍ നിന്നും റെഡിയാകുന്ന മുറയ്ക്ക് കണിച്ചു കുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ ഓഫീസില്‍ നിന്നും പ്രത്യേകം ചുമതലപ്പെടുത്തിയ ആള്‍ യൂണിയന്‍ ഓഫീസില്‍ വന്ന് കുറേ ലക്ഷങ്ങള്‍ വാങ്ങിക്കൊണ്ടു പോകും. ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ കുടുംബ യൂണിറ്റുകള്‍ യൂണിയന്‍ ഓഫീസില്‍ ഏല്‍പ്പിച്ച ഈ പണം ഇങ്ങനെ തിരിമറി നടത്തുന്നത് കാരണം വന്‍ ബാധ്യത യൂണിയന്‍ നേതൃത്വത്തിന് കൈവരുന്നു.

ഒടുവില്‍ ബാങ്കിന്റെ ജപ്തി ഭീഷണിയും നേരിടേണ്ട അവസ്ഥയിലാണ്. നിരവധി യൂണിയന്‍ ഭാരവാഹികള്‍ ഇതുമൂലം ആത്മഹത്യാ ഭീഷണിയിലാണ്. കണിച്ചുകുളങ്ങര യൂണിയനില്‍ നടന്ന മൈക്രോ ഫിനാന്‍സ് പണാപഹരണം, വിവിധ യൂണിയനുകളില്‍ നടന്നുവരുന്ന തട്ടിപ്പുകള്‍ എന്നിവയെല്ലാം തനിക്ക് മേല്‍ വരുമെന്ന ഭീതി മൂലമാണ് മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കൂടിയായ മഹേശന്‍ ആത്മഹത്യ ചെയ്തത്. ഇക്കാര്യം ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാണ് ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.

കണിച്ചുകുളങ്ങര ഐശ്വര്യ ട്രസ്റ്റ്, ദേവീക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി എന്നിവ മഹേശനില്‍ ചാരി വെള്ളാപ്പള്ളി കേസില്‍ നിന്ന് രക്ഷപെടുമെന്ന ആശങ്ക കാരണം ഒരു കുടുംബത്തെ പൂര്‍ണമായി അനാഥമാക്കി മഹേശന്‍ മരണം വരിച്ചത്. യോഗ ചരിത്രത്തില്‍ ഒരു യൂണിയന്‍ സെക്രട്ടറി സ്വന്തം യൂണിയന്‍ ഓഫീസില്‍ ആത്മഹത്യ ചെയ്തിട്ടില്ല. ദീര്‍ഘകാലം വെള്ളാപ്പള്ളിയുടെ ഓഫീസിലെ ജീവനക്കാരനായി പ്രവര്‍ത്തിച്ച മഹേശന്‍ മൈക്രോ ഫിനാന്‍സ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീപദവികള്‍ കൂടി വഹിക്കുന്നുണ്ടായിരുന്നു. മഹേശന്‍ കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളെ പറ്റിയും വെള്ളാപ്പള്ളി നടത്തിവരുന്ന സാമ്പത്തിക തട്ടിപ്പിനിരയായി മഹേശന്‍ മരിക്കാനിടയാക്കിയ സാഹചര്യങ്ങളെ പറ്റിയും സമഗ്രമായി അന്വേഷിക്കമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ സര്‍ക്കാര്‍ സഹായിക്കരുതെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യവേദി, വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം ആരോപണങ്ങളെല്ലാം സംഘടനയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ചേര്‍ത്തല യൂണിയനിലുണ്ടായിരുന്ന പി.എസ്.രാജീവനും മറ്റുചിലരും കെ.കെ മഹേശനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തിയതാണ് മനോവിഷമത്തിന് കാരണമായതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച രാജീവന്‍, കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മഹേശനെ നീക്കാന്‍ തീരുമാനമെടുത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറ്റപ്പെടുത്തി എതിര്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കുന്ന രീതിയാണ് വെള്ളാപ്പള്ളിയുടേതെന്നും ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റുചെയ്യണമെന്നും ഗോകുലം ഗോപാലന്‍ അധ്യക്ഷനായ ശ്രീനാരായണ സഹോദര ധര്‍മവേദി ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കണിച്ചുകളുങ്ങര ദേവസ്വം ജനാധിപത്യവേദിയുടെ മാര്‍ച്ച്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …