ജോര്‍ദാനില്‍ യഥാര്‍ഥ ആടുജീവിതം അനുഭവിച്ച് മടങ്ങിയെത്തിയ ബ്ലെസി മനസു തുറക്കുന്നു

16 second read

തിരുവല്ല: അതൊരു വിമാനമായിരുന്നില്ല. പലപ്പോഴും ഓപ്പറേഷന്‍ തീയറ്റര്‍ ആണെന്ന് തോന്നിപ്പോയി. മാസ്‌ക്കുകളും പ്രത്യേക ഷീല്‍ഡുകളും ധരിച്ച യാത്രക്കാര്‍. കാര്യമായ സംഭാഷണങ്ങളില്ല. ദീര്‍ഘ നിശ്വാസങ്ങള്‍ പോലും അടുത്തിരിക്കുന്നവരെ ഭയപ്പെടുത്തുന്ന അവസ്ഥ. ഒരിക്കല്‍ പോലും സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാതെ, ഷൂട്ടിങ്ങിനിടെ കൈക്കേറ്റ പരുക്കുമായി മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി വിമാനത്താവളത്തിലെയോ വിമാനത്തിലെയോ ശുചി മുറികള്‍ പോലും ഉപയോഗിച്ചിരുന്നില്ല.

നാം സ്വയം അനുഭവിക്കാത്ത കഥകളൊക്കെ മറ്റുള്ളവര്‍ക്ക് വെറും കെട്ടുകഥകള്‍ മാത്രമെന്ന ബെന്യാമിന്റെ ആടു ജീവിതത്തിലെ അതേ വരികള്‍ അനുഭവിച്ച് അറിയുകയായിരുന്നു സംവിധായകന്‍ ബ്ലെസി. ലോകം മുഴുവന്‍ ലോക്ക് ഡൗണില്‍ കുടുങ്ങിയ രണ്ടര മാസം ജോര്‍ദ്ദാനിലെ മരുഭൂമിയിലെ ലൊക്കേഷനില്‍ നിന്നും തിരുവല്ലയിലെ വീട്ടില്‍ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് ബ്ലെസി . വെള്ളിയാഴ്ചയാണ് ബ്ലെസിയും നടന്‍ പൃഥ്വിരാജും അടങ്ങുന്ന സംഘം പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിയത്. ജോര്‍ദ്ദാനിലെ അമ്മാന്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി വഴി കൊച്ചിയിലേക്കുള്ള വിമാനത്തിലായിരുന്നു യാത്ര. തിങ്കളാഴ്ചയാണ് നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനമെത്തുമെന്ന് ബ്ലെസിക്കും സംഘത്തിനും അറിയിപ്പ് കിട്ടിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ജോര്‍ദ്ദാനില്‍ നിന്നും എയര്‍ ഇന്ത്യയുടെ 1902 വിമാനത്തിലായിരുന്നു ബ്ലസി ഉള്‍പ്പടെ 157 ഇന്ത്യാക്കാരടങ്ങുന്ന സംഘത്തിന്റെ മടക്ക യാത്ര. ജോര്‍ദ്ദാനിലെ ഇന്ത്യന്‍ സ്ഥാനപതി അന്‍വര്‍ ഹലിം വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശേരി എയര്‍ പോര്‍ട്ടിലെത്തി.

ആടുജീവിതം സിനിമയാക്കുമ്പോള്‍ മരുഭൂമിയുടെ യഥാര്‍ത്ഥ പശ്ചാത്തലം പ്രധാന ഘടകമായതോടെയാണ് 25 ദിവസത്തെ ഷൂട്ടിനായി ബ്ലെസി ഉള്‍പ്പടെയുള്ള സംഘം മാര്‍ച്ച് ഒമ്പതിന് ജോര്‍ദ്ദാനില്‍ എത്തിയത്. 10 ന് ചിത്രീകരണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ലോക്ക് ഡൗണായി. പിന്നീട് 32 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷൂട്ടിങ് പുനരാരംഭിക്കാനായത്. ഷൂട്ടിങ് പൂര്‍ത്തീകരിച്ച് കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കത്തിനായുള്ള നീണ്ട കാത്തിരിപ്പ്. ചിന്തിക്കാന്‍ പോലുമാകാത്ത സാഹചര്യങ്ങളിലൂടെയാണ് ആ ദിനങ്ങള്‍ കടന്നു പോയതെന്ന് ബ്ലസി പറയുന്നു. ജോര്‍ദ്ദാനിലും അള്‍ജീരിയയിലും നാട്ടിലുമൊക്കെയായി ഇനിയും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കാനുണ്ട്. ഇപ്പോള്‍ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ഇനിയുള്ള തന്റെ സിനിമാ ജീവിതത്തില്‍ ലോക്ക് ഡൗണ്‍ കാലത്തെ ജോര്‍ദ്ദാനിലെ അനുഭവങ്ങള്‍ തീര്‍ച്ചയായും നിഴലിക്കും. ജോര്‍ദ്ദാനിലെയും മടക്ക യാത്രയിലെയും അനുഭവങ്ങള്‍ മറ്റൊരു സിനിമ ആയേക്കാമെന്നും ബ്ലസി പറയുന്നു. തങ്ങളുടെ മടക്ക യാത്രയ്ക്ക് സൗകര്യമൊരുക്കി തന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ളതായും ബ്ലസി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …