വി.എസിനെയും പിണറായിയെയും താറടിച്ചു കാട്ടി പൊലീസ് ഇന്‍സ്പെക്ടറുടെ വാട്സാപ്പ് പോസ്റ്റ്: നാലുവര്‍ഷമായി വിഎസിനെ പിണറായി ക്വാറന്റൈന്‍ ചെയ്തിരിക്കുന്നുവെന്ന് പരാമര്‍ശം: പുലിവാലായപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ ചെന്ന് അറ്റന്‍ഷനായി

16 second read

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ പരിഹസിച്ചും പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ പുലിവാല്‍ പിടിച്ചു. പോസ്റ്റ് സിപിഎം ജില്ലാ കമ്മറ്റി ഗൗരവമായി എടുത്തതോടെ ഉദ്യോഗസ്ഥന്‍ നേതാക്കളുടെ മുന്നിലെത്തി അറ്റന്‍ഷനായി. കൈയബദ്ധം പറ്റി നാറ്റിക്കരുത് എന്ന ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥനയോട് പ്രതികരിക്കാതിരുന്ന പാര്‍ട്ടി നേതൃത്വം വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തണ്ണിത്തോട് എസ്എച്ച്ഓ അയൂബ്ഖാനാണ് പുലിവാല്‍ പിടിച്ചത്. തണ്ണിത്തോട് പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിഎസിന്റെ ചിത്രം സഹിതം രണ്ടാഴ്ച ക്വാറന്റൈനില്‍ ഇരിക്കാന്‍ പറയുമ്പോള്‍ മടിക്കുന്നവരും രണ്ടു മാസം വീട്ടിലിരുന്ന് മടുപ്പ് വന്നവരും ഈ ഫോട്ടോയിലേക്ക് ഒന്നു നോക്കിയാല്‍ മതി..എല്ലാ സങ്കടവും മാറും.

നാലു കൊല്ലമായി പിണറായി വിജയന്‍ ഇദ്ദേഹത്തെ ക്വാറന്റൈന്‍ ചെയ്തിട്ട് എന്നാണ് പോസ്റ്റ്. ഇടതു ചായ്വുള്ള നിരവധി പൊലീസുകാര്‍ ഈ ഗ്രൂപ്പിലുണ്ട്. എസ്എച്ച്ഓയുടെ നടപടിയെ പലരും രഹസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. നേര്‍ക്കു നേരെ നിന്ന് വിമര്‍ശനം ഉന്നയിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പിണറായി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ളയാണ് വിഎസ് അച്യൂതാനന്ദന്‍. മുന്‍മുഖ്യമന്ത്രി എന്ന നിലയില്‍ പ്രോട്ടോക്കോളില്‍ നിര്‍ണായക സ്ഥാനമുണ്ട്. മാത്രവുമല്ല, കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളം മുഴുവന്‍ ബഹുമാനിക്കുന്നയാളാണ് വിഎസ്. അയൂബ്ഖാന്റെ പൊലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഈ ഉദ്യോഗസ്ഥന്‍. ഇയാള്‍ക്ക് ഇതിന് എങ്ങനെ ധൈര്യം വന്നു എന്നാണ് മറ്റു പൊലീസുകാര്‍ ചോദിക്കുന്നത്.

പോസ്റ്റ് പൊലീസിനുള്ളില്‍ തന്നെ ചര്‍ച്ചയായി. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. വിഎസിനും പിണറായിക്കും എതിരായ അയൂബ്ഖാന്റെ പോസ്റ്റ് കടുത്ത അച്ചടക്ക ലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇടതു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിയെയും ക്യാബിനറ്റ് റാങ്കോടു കൂടി ഭരണം നടത്തുന്ന മുന്‍മുഖ്യമന്ത്രിയെയും അവഹേളിച്ചത് ഗുരുതരമായ കൃത്യവിലോപമായിട്ടാണ് കണക്കാക്കുന്നത്. ഉദ്യോഗസ്ഥന് എതിരേ നടപടി വന്നേക്കുമെന്ന് തന്നെയാണ് സൂചന.
നെടുങ്കണ്ടം സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്ത് കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് അയൂബ് ഖാന്‍. ഇതടക്കം നിരവധി വിഷയങ്ങളില്‍ അച്ചടക്ക നടപടിയും നേരിട്ടിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …