മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോയ പ്രവാസി മലയാളി അപകടത്തില്‍ മരിച്ചു

17 second read

ദുബായ്: മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേയ്ക്ക് പോയ പ്രവാസി മലയാളിയുടെ നാട്ടിലെ അപകട മരണം യുഎഇയിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. കൊല്ലം കല്ലുവാതുക്കല്‍ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു വിലാസത്തില്‍ ജിജു തോമസ്(31), ജിജുവിന്റെ മാതൃസഹോദര പുത്രന്‍ കടയ്ക്കല്‍ മണ്ണൂര്‍ മാങ്കുഴിക്കല്‍ പുത്തന്‍വീട്ടില്‍ സിഞ്ചു കെ.നൈനാന്‍(37) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് കൊല്ലം- തമിഴ് നാട് തിരുമംഗലം ദേശീയ പാതയില്‍ അരുണാച്ചി മെയിന്‍ റോഡിന് സമീപത്ത് നടന്ന വാഹനാപകടത്തില്‍ മരിച്ചത് . ഒരു വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇവരുടെ ജീവന്‍ ഉടന്‍ തന്നെ സംഭവിച്ച മറ്റൊരു വാഹനാപകടമാണ് തട്ടിയെടുത്തത്.

കഴിഞ്ഞ 6 വര്‍ഷമായി യുഎഇയിലുള്ള ജിജു ദുബായ് ജുമൈറയിലെ ഒരു ഹോട്ടലില്‍ കിച്ചന്‍ സൂപ്പര്‍വൈസറായിരുന്നു. ഒരാഴ്ച മുന്‍പാണ് മകളുടെ പിറന്നാളാഘോഷിക്കാനായി നാട്ടിലേയ്ക്ക് പോയത്. ഇന്ന്(ബുധന്‍) ദുബായിലേയ്ക്ക് തിരിച്ചുവരാനിരിക്കെയായിരുന്നു ദുരന്തം. പ്രവാസം മതിയാക്കി ആറ് മാസം മുന്‍പ് നാട്ടിലേയ്ക്ക് പോയതാണ് സിഞ്ചു.

ബന്ധുക്കള്‍ക്കൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ദേശീയപാതയരികിലെ ഡിവൈഡറില്‍ തട്ടി നിന്നു. തുടര്‍ യാത്ര ഈ വാഹനത്തില്‍ സാധ്യമല്ലാത്തതിനാല്‍ ജിജുവിന്റെ ഭാര്യ ജിബി, മകള്‍ ജോന, മാതാവ് ചിന്നമ്മ, സഹോദരി ജിജി, സഹോദരീ ഭര്‍ത്താവ് ജിജോ എന്നിവരെ ഇതുവഴിയെത്തിയ ബസില്‍ കയറ്റി വിട്ടു. തുടര്‍ന്ന് സമീപത്തെ വര്‍ക് ഷോപ്പില്‍ നിന്ന് ആളെത്തി റിക്കവറി വാന്‍ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട വാഹനം നീക്കം ചെയ്യുന്നതിനിടെ കോയമ്പത്തൂരില്‍ നിന്നു ചെങ്കോട്ടയ്ക്ക് പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു ജിജു, സിഞ്ചു എന്നിവരെയും റിക്കവറി വാഹനത്തിന്റെ ഡ്രൈവര്‍ ശിവകാശി സ്വദേശി രാജശേഖറി(50)നെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു കാരണം.

യുഎഇയില്‍ വന്‍ സുഹൃദ് വലയമുള്ളയാളാണ് ജിജു. മരണ വിവരം അറിഞ്ഞയുടന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായ എട്ടോളം പേര്‍ നാട്ടിലേയ്ക്ക് പോയിരുന്നു. ഇരുവരുടെയും വിയോഗം തങ്ങളെ ഏറെ ദുഃഖിപ്പിക്കുന്നതായി ഇപ്പോള്‍ നാട്ടിലുള്ള ജിജുവിന്റെ പിതൃ സഹോദര പുത്രന്‍ ഷിനു ജോയ് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …