പാട്ടിന്റെ പാലാഴിയുമായി പി.സുശീലയും വാണി ജയറാമും

18 second read

മലയാളികള്‍ എന്നുമെന്നും മനസ്സില്‍ സൂക്ഷിക്കുന്ന പാട്ടുകള്‍ കൊണ്ടു പി.സുശീലയും വാണി ജയറാമും പാലാഴി തീര്‍ത്തപ്പോള്‍ ഖത്തറിലെ ഇന്ത്യന്‍ മീഡിയ ഫോറം (ഐഎംഎഫ്) സംഘടിപ്പിച്ച ‘മീറ്റ് ദ് പ്രസി’ല്‍ ചോദ്യങ്ങള്‍ അപ്രസക്തമായി.

മലയാളത്തിലെ തന്റെ ആദ്യ ഗാനമായ സീതയിലെ ‘പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂം പൈതലേ’യെന്ന ഗാനവുമായാണു പി. സുശീല ‘മീറ്റ് ദ് പ്രസി’ലെ ഗാനമാധുരിക്കു തുടക്കമിട്ടത്. ആ പാട്ടിലൂടെ ദക്ഷിണാമൂര്‍ത്തിയാണു തന്നെ മലയാള സിനിമയിലേക്കു കൈപിടിച്ചു നടത്തിയതെന്നു സുശീല ഓര്‍മിച്ചു. തന്റെ ആദ്യ മലയാളം പാട്ടുകൊണ്ടു തന്നെയായിരുന്നു വാണി ജയറാമിന്റെ മറുപടി. സലില്‍ ചൗധരിയുടെ സംഗീതത്തില്‍ സ്വപ്നം എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി…’. ചോദ്യോത്തരങ്ങളില്ലാതെ പിന്നീട് പാട്ടൊഴുകി. സലില്‍ ചൗധരിയുടെ സംഗീതത്തില്‍ ആലപിച്ച ‘അമ്പാടി പൂങ്കുയിലേ പാടൂ അഞ്ജന പൂങ്കുയിലേ…’ എന്ന ഗാനം സുശീല ആലപിച്ചു.

ഈ പ്രായത്തിലും ശബ്ദത്തില്‍ ഒരു മാറ്റവുമില്ലല്ലോയെന്ന സംശയത്തിനു സുശീലയില്‍ നിന്ന് ഉടന്‍ മറുപടിയുമെത്തി, ‘ഞാന്‍ ഏതു രീതിയില്‍ പാടിയാലും ആളുകള്‍ക്കു പഴയ പാട്ടാണ് ഓര്‍മ വരിക. മലയാളികള്‍ സംഗീതത്തിനു വലിയ പരിഗണനയാണു നല്‍കുന്നത്. ചെറിയ കുട്ടികള്‍ പോലും എത്ര നന്നായാണു പഴയ പാട്ടുകള്‍ പാടുന്നത്’. സുശീലമ്മ പാടിയ പാട്ടുകള്‍ കേട്ടാണു താന്‍ വളര്‍ന്നതെന്ന് വാണി ജയറാം പറഞ്ഞു. സലില്‍ ചൗധരിയൊക്കെ കംപോസ് ചെയ്യുന്ന പാട്ടുകള്‍ പാടുകയെന്നതു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, ദൈവാനുഗ്രഹം കൊണ്ടു പാട്ടുകളെല്ലാം നന്നായി പാടി. അതെല്ലാം ആളുകള്‍ ഇപ്പോഴും ഓര്‍ത്തുവയ്ക്കുന്നുവെന്നത് ഏറെ സന്തോഷം. മറ്റെല്ലാ സംസ്ഥാനത്തുനിന്നും തനിക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കിലും കേരളത്തില്‍നിന്ന് ഇതുവരെ കിട്ടിയിട്ടില്ലെന്നും വാണി ജയറാം പറഞ്ഞു.

വരികള്‍ ഓര്‍മയില്ലെന്നു പറഞ്ഞുകൊണ്ടാണു ‘ധ്വനി’ എന്ന ചിത്രത്തിലെ ‘അനുരാഗലോല ഗാത്രി വരവായി നീല രാത്രി..’ എന്ന ഗാനം സുശീല പാടിയത്. നൗഷാദിന്റെ സംഗീതത്തില്‍ യേശുദാസിനൊപ്പം പാടിയ ഈ ഗാനം തനിക്കേറെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണെന്നും അവര്‍ പറഞ്ഞു. പക്ഷേ, വരികള്‍ കാണാതെ അറിയില്ല. പേപ്പറില്‍ എഴുതി വച്ചാണു പാടുന്നത്- സുശീല കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയുടെ വലിയ ആരാധികയാണെന്നു വാണി ജയറാം പറഞ്ഞു. ഒട്ടുമിക്ക മലയാള സിനിമകളും കാണാറുണ്ട്. ഒട്ടേറെ നല്ല സിനിമകള്‍ ഇപ്പോള്‍ മലയാളത്തിലുണ്ട്. 1983, ആക്ഷന്‍ ഹീറോ ബിജു, പുലിമുരുകന്‍ തുടങ്ങി ഇപ്പോഴത്തെ കുറെ സിനിമകളില്‍ പാടിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിലെ ഗാനത്തിനു നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡും കിട്ടിയെന്നു വാണി ജയറാം പറഞ്ഞു.

 

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …