അജോ കുറ്റിക്കന്‍
കട്ടപ്പന:കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പംമെട്ടിനു സമീപം പുതിയ വനപാത. കമ്പംമെട്ട് ചെക്പോസ്റ്റില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ഇടത്തറമുക്കില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലാണ് പുതിയ ഊടുവഴികള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. കമ്പംമെട്ട്, ബോഡിമെട്ട് ചെക്പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്നാട് വനംവകുപ്പ് അടച്ചിരുന്ന ഊടുവഴികള്‍ വീണ്ടും തുറന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എക്സൈസ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കി. കഞ്ചാവു ലോബി കഴുതപ്പുറത്തു കഞ്ചാവ് എത്തിച്ചിരുന്ന പാത തമിഴ്നാട് വനംവകുപ്പ് അടച്ചിരുന്നു. ഇതേ വഴികളാണു വീണ്ടും വെട്ടിത്തെളിച്ചു കഞ്ചാവു മാഫിയ നടപ്പുവഴിയാക്കി മാറ്റിയിരിക്കുന്നത്.
തമിഴ്നാട് അടിവാരത്തു നിന്നു കഴുതകളുടെ പുറത്തു കഞ്ചാവു കെട്ടിവച്ച് അതിര്‍ത്തി കടത്തുന്നതായും ആരോപണമുണ്ട്. തമിഴ്നാട്ടില്‍ നിന്നു ലഭിക്കുന്ന ഒരുരൂപ അരിയോടൊപ്പം കഞ്ചാവും എത്തുന്നതായാണ് പ്രദേശവാസികളില്‍ പറയുന്നത്. സംഭവം തമിഴ്നാട് വനംവകുപ്പിന്റെയും പോലിസിന്റെയും ശ്രദ്ധയില്‍പ്പെട്ടതോടെ ഊടുവഴികള്‍ വലിയ വൃക്ഷശിഖരങ്ങള്‍ വെട്ടിയിട്ട് അടച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഈ വഴികള്‍ വീണ്ടും കഞ്ചാവു ലോബി തുറന്നിട്ടുണ്ട്. ഇതോടെ ജില്ലയിലൂടെ വന്‍തോതില്‍ വീണ്ടും കഞ്ചാവുകടത്ത് ആരംഭിച്ചിരിക്കുകയാണ്. കമ്പം അടിവാരത്ത് ആണ് ചെറിയ ഊടുവഴികള്‍ അവസാനിക്കുന്നത്. കമ്പംമെട്ട്, ഇടത്തറമുക്ക് എന്നിവിടങ്ങളിലൂടെ നിര്‍മിച്ചിരിക്കുന്ന വഴികളിലൂടെ ഒരുമണിക്കൂര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ കമ്പം അടിവാരത്തെത്തും. ഇവിടെ നിന്നാണു കഞ്ചാവ് കടത്തുന്നതെന്നാണ് എക്സൈസിന്റെ നിഗമനം.
അതിര്‍ത്തി ചെക്പോസ്റ്റിനു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ 33 സമാന്തരപാതകള്‍ നിലവിലുണ്ട്. എക്സൈസിനു പരിശോധന നടത്തുന്നതിനു മേഖലയില്‍ സംവിധാനമില്ല. എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് ആഴ്ചയിലൊരിക്കല്‍ മാത്രമാണു കേരളത്തിന്റെ അതിര്‍ത്തിയോടു ചേര്‍ന്ന വനമേഖലയില്‍ പരിശോധന നടത്തുന്നത്. തമിഴ്നാട് വനമേഖല പരിശോധിക്കാന്‍ തമിഴ്നാട് സമ്മതിക്കില്ല.വനത്തിനുള്ളില്‍ പ്ലാസ്റ്റിക് ചാക്കുകളിലും മറ്റുമായി വന്‍തോതില്‍ സംസ്‌കരിച്ച കഞ്ചാവു കുഴിച്ചിട്ടിരിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. ജില്ലയിലെ കഞ്ചാവു കേസിലെ സ്ഥിരം പ്രതികളാണ് ഇതിനു പിന്നിലെന്നാണു പോലിസും എക്സൈസും പറയുന്നത്. പുലര്‍ച്ചെ രണ്ടു മുതല്‍ അഞ്ചു വരെയുള്ള സമയത്താണു കഞ്ചാവു ലോബിയുടെ പ്രവര്‍ത്തനം.
കമ്പത്തുനിന്നു കഞ്ചാവു വാങ്ങിയശേഷം വനത്തിലൂടെ കാല്‍നടയായി സഞ്ചരിച്ച് അതിര്‍ത്തിയിലെത്തി, പിന്നീടു വാഹനങ്ങളിലാണു കഞ്ചാവു കടത്തുന്നത്. എന്നാല്‍, ഇവരെ പിടികൂടുന്നതിന് എക്സൈസിനും പൊലീസിനും കഴിയാറില്ല. സമാന്തര പാതകളിലൂടെ കഞ്ചാവു കടത്തുന്നതായി വിവരം ലഭിച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ എക്സൈസും പോലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ കഞ്ചാവ് അടക്കമുള്ള ലഹരിയുല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകമായിരിക്കുകയാണ്.