വാഷിങ്ടണ്‍: ഖാസിം സുലൈമാനിയെ യുഎസ് സൈന്യം വധിച്ചതിന് പിന്നാലെ തിരിച്ചടിക്ക് സജ്ജമാണെന്ന സൂചന നല്‍കി ഇറാന്‍. വലിയ യുദ്ധം വരുന്നതിന്റെ സൂചനയായി ഇറാനിലെ ജാംകരണ്‍ മുസ്ലീം പള്ളിയുടെ താഴികക്കുടത്തിന് മുകളില്‍ ചുവന്ന കൊടി ഉയര്‍ന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
യുദ്ധം വരുന്നതിന്റെ സൂചന നല്‍കുന്നതിന്റെ ഭാഗമായാണ് ജാംകരണ്‍ പള്ളിയുടെ മുകളില്‍ ചുവന്ന കൊടി ഉയര്‍ത്തുക. ഇതോടെ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതല്‍ കലുഷിതമാകുമെന്ന ആശങ്കയും വര്‍ധിച്ചു
സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനിലെ വിവിധ നേതാക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഖാസിം സുലൈമാനിയുടെയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. അമേരിക്കയിലേക്ക് മരണം എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇറാഖി പൗരന്മാര്‍ വിലാപയാത്രയില്‍ പങ്കാളികളായത്.
അതിനിടെ, ഇറാന്‍ അമേരിക്കയ്ക്ക് നേരേ എന്തെങ്കിലും പ്രകോപനം സൃഷ്ടിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ 52 കേന്ദ്രങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടുണ്ടെന്നും ഇറാന്‍ എന്തെങ്കിലും ആക്രമണം നടത്തിയാല്‍ അതെല്ലാം തകര്‍ക്കുമെന്നും ട്രംപ് പറഞ്ഞു.