റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തി. റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലില്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി, റിയാദ് പ്രവിശ്യ സെക്രട്ടറി എന്‍ജി. ബിന്‍ സായിദ് അല്‍ മുത്തൈരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇന്നു രാവിലെ വിവിധ വകുപ്പു മന്ത്രിമാരുമായി പ്രത്യേക ചര്‍ച്ച നടത്തും. ഇന്നുമുതല്‍ 31 വരെ നടക്കുന്ന മ്യൂച്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ മീറ്റിങ്ങില്‍ അദ്ദേഹം പ്രസംഗിക്കും. ശേഷം സൗദി ഭരണാധികാരിയുമായും കിരീടാവകാശിയുമായും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തും. ഇന്നു മുതല്‍ റിയാദില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ 49 വന്‍കിട കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. സൗദിയിലെ നിക്ഷേപ സാധ്യതകള്‍ അനാവരണം ചെയ്യുന്ന സംഗമത്തില്‍ 30 രാജ്യങ്ങളില്‍ നിന്നായി 300 ഓളം പ്രതിനിധികള്‍ സംബന്ധിക്കുമെന്ന് മ്യൂച്ചല്‍ ഇന്‍വെസ്റ്റ് മെന്റ് ഫണ്ട് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയും സൗദിയും തമ്മില്‍ തന്ത്ര പ്രധാനമായ ഒരു ഡസനോളം കരാറില്‍ ഒപ്പുവയ്ക്കും.
ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാനമായ മേഖലകള്‍ നിരീക്ഷിക്കാനുള്ള തന്ത്ര പ്രധാന പങ്കാളിത്ത കൗണ്‍സില്‍ കരാര്‍ ഈ രംഗത്തെ പുതിയ ചുവട് വെപ്പാകും. ഇതുവരെ എട്ടു രാജ്യങ്ങളുമായാണ് സൗദി ഈ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യ സമൂഹവുമായി അഭിസംബോധന ചെയ്യാന്‍ ഒറ്റ ദിവസത്തെ തിരക്കിട്ട സന്ദര്‍ശനത്തില്‍ പരിപാടിയിലില്ല. ഇന്നു രാത്രിയോടെ തന്നെ പ്രധാനമന്ത്രി ന്യൂ ഡല്‍ഹിയിലേക്ക് മടങ്ങും.