റിയാദ്: ആഗോള നിക്ഷേപക സംഗമത്തിന് ഇന്നു സൗദിയിലെ റിയാദില്‍ തുടക്കം. വിശിഷ്ടാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും.
2024 ആകുമ്പോഴേക്കും 5 ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയിലെ വ്യാപാര, നിക്ഷേപ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാവിലെ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് സല്‍മാന്‍ രാജാവ് ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.
ഉച്ചയ്ക്കു ശേഷമായിരിക്കും നിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്യുക. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി തന്നെ ഡല്‍ഹിക്കു മടങ്ങും.
ഊര്‍ജം, സുരക്ഷ, വ്യാപാരം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും സൗദിയും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനൊപ്പം തന്ത്രപ്രധാന സഹകരണം സംബന്ധിച്ച സൗദി- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സിലിന്റെ പ്രഖ്യാപനവും റുപേ കാര്‍ഡിന്റെ സൗദിയിലെ ഉദ്ഘാടനവും നടക്കും.
3 ദിവസം നീളുന്ന സമ്മേളനത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനരോയാണ് മറ്റൊരു വിശിഷ്ടാതിഥി.
അമേരിക്കന്‍ സംഘത്തെ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനുച്ചിന്‍ നയിക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവും മരുമകനുമായ ജാറെദ് കുഷ്‌നറും സംഘത്തിലുണ്ട്.