പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്തിന്റെ ഓര്‍മ പുതുക്കി നവോഥാന സമര നായിക ബിന്ദു അമ്മിണി നാളെ വീണ്ടും പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് 12 ന് ഇവര്‍ പ്രസ് ക്ലബില്‍ പത്രസമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ബിന്ദുവിന്റെ മനസിലിരുപ്പ് അറിയാന്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നെട്ടോട്ടത്തിലാണ്. തുലമാസ പൂജയ്ക്ക് നട തുറന്നിരിക്കുന്ന ഇപ്പോള്‍ മല ചവിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ബിന്ദു വീണ്ടുമെത്തുന്നത് എന്ന അഭ്യൂഹം ശക്തമാണ്. എന്തായാലും പൊലീസ് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 450 പൊലീസുകാരെ മൂന്നു എസ്പിമാരുടെ കീഴിലായി നിയോഗിച്ചു
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എസ്പിമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. യൗവനയുക്തകളെ ഒരു കാരണവശാലും നിലയ്ക്കല്‍ കടക്കാന്‍ അനുവദിക്കരുത് എന്നാണ് സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് യുവതികള്‍ക്ക് ദര്‍ശനത്തിനായി സുരക്ഷയൊരുക്കിയ പൊലീസ് ഇപ്പോള്‍ അവരെ ഓടിച്ചു വിടാന്‍ പെടാപ്പാട് പെടുകയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെയാണ് ശബരിമലയില്‍ മാസപൂജയ്ക്ക് നട തുറന്നിരിക്കുന്നത്. ഇപ്പോള്‍ ഏതെങ്കിലും യുവതി മല ചവിട്ടിയാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ കഷ്ടമാകും സിപിഎമ്മിന്റെ കാര്യം. ഇതു കാരണമാണ് പൊലീസ് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ബിന്ദു പത്രസമ്മേളനം വിളിച്ചതിന് പിന്നില്‍ ആരാണെന്ന് ഊഹിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ ബിജെപിക്കാരുടെ മനസില്‍ ലഡു പൊട്ടി. ബിന്ദു പത്രസമ്മേളനത്തില്‍ നവോഥാനം പ്രസംഗിച്ചാല്‍ പോലും ബിജെപിക്ക് അത് ഗുണകരമാകും. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിനെതിരേയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന. ഒക്ടോബര്‍ രണ്ടിന് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ വീട്ടില്‍പ്പോലും കയറ്റാന്‍ ഭര്‍ത്താവും മാതാപിതാക്കളും മടിക്കുന്ന സ്ത്രീകളെ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ സിപിഎം പതിനെട്ടാം പടി കയറ്റിയെന്ന് മോഹന്‍രാജ് വിമര്‍ശിച്ചിരുന്നു.
മോഹന്‍രാജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ ബിന്ദു കേസ് കൊടുക്കുാന്‍ പോവുകയാണെന്നും ഇതു സ,ംബന്ധിച്ചാണ് പത്രസമ്മേളനം എന്നുമാണ് ബിന്ദു തന്നെ നല്‍കുന്ന സൂചന. പത്രസമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ ബിന്ദു ആഞ്ഞടിക്കുമെന്ന് ഒരു പേടി സിപിഎമ്മിനും പൊലീസിനുമുണ്ട്. പാതിരായുടെ മറവില്‍ വേഷം കെട്ടിച്ച് ബിന്ദുവിനെയും കനകദുര്‍ഗയെയും മലചവിട്ടിച്ചത് പൊലീസും സര്‍ക്കാരും ചേര്‍ന്നായിരുന്നു. എന്തു പ്രത്യാഘാതം ഉണ്ടായാലും ഇവര്‍ക്ക് സുരക്ഷ ലഭിക്കുമെന്ന ഉറപ്പിന്മേലായിരുന്നു ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം. എന്നാല്‍, ഉദ്ദേശിച്ച കാര്യം സാധിച്ചതോടെ സര്‍ക്കാര്‍ പിന്നാക്കം പോയി. ഇരുവര്‍ക്കും സ്വന്തം വീട്ടില്‍പ്പോലും കയറാന്‍ കഴിയാത്ത അവസ്ഥയായി.
പുറത്തിറങ്ങിയാല്‍ ഭക്തര്‍ കൈവയ്ക്കുമെന്ന സ്ഥിതിയുമായി. പൊലീസിന് ഇവര്‍ തലവേദന ആയതോടെ അവരും കൈയൊഴിഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തങ്ങളെ പറഞ്ഞു പറ്റിച്ചുവെന്ന് ബിന്ദു പറഞ്ഞാല്‍ അത് സിപിഎമ്മിനും പിണറായിക്കും പണിയാകും. ബിന്ദുവിന്റെ പത്രസമ്മേളനം തങ്ങള്‍ക്ക് മൈലേജ് കൂട്ടുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. ആരോപണം മോഹന്‍രാജിന് എതിരേ ആയാല്‍പ്പോലും, അത് ഉന്നയിക്കുന്നത് ബിന്ദു ആയത് ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടല്‍.
കിട്ടിയ അവസരം കൈവിടാന്‍ ബിജെപി ഒരുക്കമല്ല. ബിന്ദു വീണ്ടും മലകയറാന്‍ വരുന്നുവെന്ന തരത്തില്‍ ബിജെപി സൈബര്‍ സെല്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ ശബരിമല യുവതി പ്രവേശം കോന്നിയില്‍ പ്രചാരണ വിഷയം ആയിട്ടില്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്‍പ് മാത്രം ഇത് ബിന്ദു കുത്തിപ്പൊക്കിയാല്‍ ബിജെപിക്ക് ഗുണകരമാകുമെന്ന് നേതാക്കള്‍ കരുതുന്നു. ഇനി സര്‍ക്കാരിലുള്ള ഏക പോംവഴി പത്രസമ്മേളനം നടത്താന്‍ ബിന്ദുവിനെ അനുവദിക്കാതിരിക്കുകയാണ്. നാളെ പ്രസ് ക്ലബിലേക്ക് എത്തുന്ന വഴിക്ക് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കാനും സാധ്യത കാണുന്നുണ്ട്.