ദാമാം: സൗദി അറേബ്യയിലെ അറാറില്‍ 8 മാസമായി ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ ഒരു മലയാളിയടക്കം 60 ഇന്ത്യക്കാര്‍ കോടതി നിര്‍ദേശപ്രകാരം കമ്പനിയുടെ അല്‍കോബാറിലെ ആസ്ഥാനത്തേക്ക് പോയി. അല്‍ കോദരി ക്ലീനിങ് കമ്പനിയുടെ അറാര്‍ ശാഖയില്‍ ജോലി ചെയ്തിരുന്നവരാണ് മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പ്രതീക്ഷയോടെ കമ്പനിയുടെ മുഖ്യ ആസ്ഥാനത്തേക്കു മടങ്ങിയത്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, യു.പി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനിയുടെ കരാര്‍ ജനുവരിയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ റദ്ദാക്കിയിരുന്നു. പലരുടെയും ഇഖാമ കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങളായതിനാല്‍ മറ്റാരും ജോലി നല്‍കാനും തയാറായില്ല. അറാറിലെ പ്രവാസി സംഘം ഇടയ്ക്കിടെ നല്‍കുന്ന ഭക്ഷണം കൊണ്ടാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മലയാളികളടക്കം നൂറിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും കിട്ടാക്കടം വിട്ട് പലരും സ്വന്തം നിലയ്ക്കു നാട്ടിലേക്കു മടങ്ങി.മാലിന്യങ്ങള്‍ നീക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട് കൈപ്പത്തി നഷ്ടപ്പെട്ട തെലങ്കാന സ്വദേശി സതീഷ്, ഭക്ഷണം അന്വേഷിച്ചിറങ്ങിയ സമയത്ത് അജ്ഞാത വാഹനം തട്ടി ഇരുകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ബീഹാര്‍ സ്വദേശി നയീം തുടങ്ങി രോഗികളും വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തവരും തീരാദുരിതത്തില്‍ മനംനൊന്ത് കഴിയുന്നുണ്ട്. ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടും സഹായം ലഭിച്ചില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഈയിടെ 150 റിയാല്‍ വീതം കമ്പനി തൊഴിലാളികള്‍ക്കു വിതരണം ചെയ്തിരുന്നു.
ഇതില്‍നിന്ന് 100 റിയാല്‍ സമാഹരിച്ചാണ് 1000 കിലോമീറ്റര്‍ അകലെയുള്ള കമ്പനി ആസ്ഥാനത്തേക്ക് തിരിച്ചത്. ആനുകൂല്യം വീണ്ടെടുത്ത് നാട്ടിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലാണിവര്‍. വിദേശകാര്യ മന്ത്രാലയവും പ്രവാസി വകുപ്പും പ്രശ്നത്തില്‍ ഇടപെട്ട് എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു
കമ്പനിയിലെ സ്റ്റാഫ് നഴ്സ് കൊല്ലം കൊട്ടിയം മുഖത്തല സ്വദേശി സുധീഷാണ് അവശേഷിക്കുന്ന ഏക മലയാളി. സ്വന്തം നിലയില്‍ ഇഖാമ പുതുക്കിയാണ് സുധീഷ് കഴിയുന്നത്. നിയമവിധേയ മാര്‍ഗത്തില്‍ എക്‌സിറ്റ് ലഭിച്ചില്ലെങ്കില്‍ ജോലി തേടി ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകാനാകില്ലെന്നതാണ് ഇഖാമ പുതുക്കാന്‍ സുധീഷിനെ പ്രേരിപ്പിച്ചത്.