തിരുവല്ല: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊന്ന ശേഷം പുറത്തിറങ്ങി നാലുകാലില്‍ നിന്ന് ആടിയ ശ്രീറാം വെങ്കിട്ടരാമനെ ഊതിക്കാനോ രക്തപരിശോധന നടത്താനോ മിനക്കെടാത്ത കേരളാ പൊലീസ് പാവങ്ങളെ ഊതിച്ച് ഫൈനടിക്കുന്ന നടപടി തുടരുന്നു. ബ്രത്ത് അനലൈസര്‍ കൊണ്ട് മദ്യപിച്ച് വാഹനമോടിച്ചോ എന്ന് പരിശോധിക്കുന്നത് നിയമവിധേയമല്ലെന്ന് ഹൈക്കോടതി വിധിച്ചിട്ടും ഈ രീതിയിലുള്ള പരിശോധന പൊലീസ്് അവസാനിപ്പിച്ചിട്ടില്ല. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കിടെ മദ്യപിച്ചതായി തെളിഞ്ഞ യുവാവിനെ വാഹനം സഹിതം കസ്റ്റഡിയില്‍ എടുത്ത തിരുവല്ല എസ്‌ഐ ജിബു പുലിവാല്‍ പിടിച്ചിരിക്കുകയാണ്.
മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് പൊലീസിന് സംശയം തോന്നിയാല്‍ അത് കസ്റ്റഡിയില്‍ എടുക്കുകയും ഡ്രൈവിങ് ലൈസന്‍സുള്ള പൊലീസുകാര്‍ ഓടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും വേണമെന്നാണ് ചട്ടം. എന്നാല്‍, ഈ രീതിയില്‍ പിടികൂടിയ വാഹനം മദ്യപിച്ച് വന്ന ഡ്രൈവറെ കൊണ്ട് തന്നെ ഡ്രൈവ് ചെയ്യിപ്പിച്ച് കോ-ഡ്രൈവര്‍ സീറ്റിലിരുന്ന് എസ്‌ഐ സ്റ്റേഷനിലേക്ക് കൊണ്ടു പോയതാണ് വിവാദമാകുന്നത്. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിരുന്നവര്‍ ചിത്രീകരിച്ച തല്‍സമയ വീഡിയോ ലഭിച്ചു. തിരുവല്ല റവന്യൂ ടവറിന്റെ സ്റ്റെല്ലാറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലയ്ക്ക് മുന്നിലാണ് സംഭവം. ഇവിടെ രാത്രി മദ്യം വാങ്ങാനെത്തുന്നവരെ പൊലീസ് ഊതിച്ച് കസ്റ്റഡിയില്‍ എടുക്കുന്നത് പതിവാണ്.
ബുധനാഴ്ച രാത്രി ഏഴു മണിയോടെ പൊലീസ് മദ്യവില്‍പനശാലയ്ക്ക് മുന്നില്‍ ഇടം പിടിച്ചു. എസ്‌ഐ ജിബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യം വാങ്ങാന്‍ വന്നതും വാങ്ങി മടങ്ങുന്നവരുമായ നിരവധി പേരെ ഊതിച്ചു. രണ്ടെണ്ണം വീശി കോണ്‍ തിരിഞ്ഞവന്‍ വീണ്ടും അടിക്കാന്‍ വേണ്ടി മദ്യം വാങ്ങാന്‍ വരുമ്പോള്‍ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. അരമണിക്കൂറോളം ഊതിച്ചിട്ടും എസ്‌ഐക്ക് ഇരകളെ ഒന്നും കിട്ടിയില്ല. അതിനിടെയാണ് ഒരു യുവാവ് കാറില്‍ അവിടേക്ക് എത്തിയത്. എസ്‌ഐ ഓടിയെത്തി ഊതിച്ചു. യന്ത്രം ബീപ് അടിച്ചു. അടിച്ചിട്ടുണ്ടോയെന്ന് യുവാവിനോട് തിരക്കി. ആള്‍ തലകുലുക്കി. ഇനിയാണ് നിയമലംഘനം നടന്നത്. മദ്യപിച്ചു വാഹനമോടിച്ചു വന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആ വാഹനം പിന്നീട് ഓടിച്ചു കൊണ്ടു പോകേണ്ടത് ലൈസന്‍സുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്. ഇവിടെ അതുണ്ടായില്ല. യുവാവിനെ തുടര്‍ന്നും വാഹനം ഓടിക്കാന്‍ അനുവദിച്ചു.
എസ്‌ഐ കോ-ഡ്രൈവര്‍ സീറ്റിലേക്ക് കയറി. വണ്ടി നേരെ സ്റ്റേഷനിലേക്ക്. തന്റെ നിയമലംഘനം ആരും കണ്ടില്ലെന്ന് കരുതിയ എസ്‌ഐക്ക് തെറ്റി. തൊട്ടടുത്തു നിന്നു തന്നെ ഈ രംഗം വീഡിയോയില്‍ ചിത്രീകരിക്കാന്‍ ആളുണ്ടായിരുന്നു. തിരുവല്ല പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് മദ്യവില്‍പന ശാലയെന്നും രണ്ടും തമ്മില്‍ 100 മീറ്റര്‍ പോലും ദൂരവ്യത്യാസമില്ലെന്ന ന്യായം പൊലീസിന് നിരത്താം. അവിടെയും കുഴപ്പമുണ്ട്. പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വാഹന പരിശോധന പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍ ഉണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിന് ശേഷം ചില നിയമങ്ങള്‍ സാധാരണക്കാരും മനസിലാക്കിയിട്ടുണ്ട്.
മദ്യപിച്ചു വാഹനമോടിച്ചുവെന്ന് തെളിയിക്കാന്‍ രക്തപരിശോധനാ ഫലം തന്നെ വേണം. വെറും ഊതിക്കല്‍ കൊണ്ടോ, ഡോക്ടര്‍ മണം അടിക്കുന്നുവെന്ന് പറഞ്ഞതു കൊണ്ടോ മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ കഴിയില്ല. ഇതിന് പുറമേയാണ് കൊല്ലം സ്വദേശിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി രണ്ടു മാസം മുന്‍പ് പുറപ്പെടുവിച്ച വിധി. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കാന്‍ രക്തപരിശോധനാ ഫലം തന്നെ വേണം. പതിവായി കഴിക്കുന്ന ചില മരുന്നുകളില്‍ ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിരിക്കാം.
അങ്ങനെ വന്നാല്‍ ബ്രത്ത് അനലൈസര്‍ ബീപ് ചെയ്യുമെന്നുള്ള വാദം അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. പെട്ടെന്ന് പെറ്റിക്കേസിന്റെ എണ്ണം തികയ്ക്കുന്നതിന് വേണ്ടിയാണ് മദ്യവില്‍പന ശാലകളുടെ മുന്നില്‍ പൊലീസ് നിലയുറപ്പിക്കുന്നത്. നിയമലംഘനം നടത്തിയ തിരുവല്ല എസ്‌ഐക്കെതിരേ പരാതിയുമായി പോകാനാണ് പൊതുപ്രവര്‍ത്തകരുടെ നീക്കം.