വാഷിങ്ടന്‍: ടെക്‌സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കം യുഎസില്‍ വീണ്ടും വെടിവയ്പ്. ഓറിഗനിലെ ഒഹായോവില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനു നടന്ന വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 16 പേര്‍ക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.
ടെക്‌സസിലെ എല്‍ പാസോയില്‍ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഓറിഗനില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഫ്ബിഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോള്‍ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാനായെന്നും ഡേടന്‍ പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.