മസ്‌കത്ത്: മസ്‌കത്ത് നഗരസഭയുടെ സേവനങ്ങള്‍ക്കിനി ഓഫീസുകള്‍ കയറിയറങ്ങേണ്ട. ബലദിയത്തി എന്ന പേരിലുള്ള വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് വീട്ടിലിരുന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കെട്ടിട അനുമതി, വാടക കരാര്‍, നഗരസഭാ പെര്‍മിറ്റ്, കാര്‍ പാര്‍ക്കിംഗ് പണമടക്കല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ഇനി വീട്ടിലും ജോലിസ്ഥലത്തും ഇരുന്നു സാധിക്കാനാകും.
ഇലക്ട്രോണിക് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിഭാഗങ്ങളെ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. നഗരസഭാ ഓഫിസില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ജനങ്ങളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിന് ആപ്ലിക്കേഷന്‍ ഉള്‍പ്പടെയുള്ളവ ഗുണം ചെയ്യുമെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.