അടൂര്‍: റോഡും തോടും കൈയ്യേറി അടൂര്‍ മരിയ ആശുപത്രി അധികൃതര്‍. നടപടിയെടുക്കേണ്ട നഗരസഭാ-പി.ഡബ്ല്യു. ഡി. അധികൃതര്‍ മൗനം പാലിക്കുന്നു. അടുത്തിടെ ശുദ്ധീകരിച്ച പള്ളിക്കലാറ്റിലേക്കാണ് വീണ്ടും അടൂര്‍ മരിയ ആശുപത്രിയിലെ മലിനജലം ഒഴുക്കിവിടുന്നത്. നടപടിയെടുക്കേണ്ട നഗരസഭാ അധികൃതര്‍ മൗനംപാലിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് മലിനജലം ആറ്റിലേക്ക് ഒഴുക്കിവിടുന്നത്. ആശുപത്രി ലാബുകളിലെ മലിനജലവും ഇവിടേക്കാണ് ഒഴുക്കിവിടുന്നതത്രെ.
ആശുപത്രിയുടെ മുന്‍വശത്തെ മതില്‍ കെ. പി.റോഡിലേക്ക് ഇറക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പി.ഡബ്ല്യു.ഡി.യുടെ അതിരുകല്ല് സ്ഥാപിച്ചിരിക്കുന്നത് മതിലിനുളളില്‍ തന്നെയാണ്. അടൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ചില ഉദ്യോഗസ്ഥരുമായുള്ള ആശുപത്രി മാനേജ്‌മെന്റിന്റെ കൈമടക്കാണ് മതില്‍ പൊളിക്കാന്‍ നടപടിസ്വീകരിക്കാന്‍ തയ്യാറാകാത്തതെന്നും ആക്ഷേപമുണ്ട്. അടുത്തിടെ മരിയ ആശുപത്രിയുടെ പഴയ മുഖച്ഛായ മാറ്റി മോടിപിടിപ്പിച്ചിട്ടും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണം നടപ്പിലാക്കിയിട്ടില്ല. ആശുപത്രിയില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്ന ഈ പള്ളിക്കലാറ്റില്‍നിന്നുമാണ് നഗരത്തിലെ ചിലഹോട്ടലുകളിലേക്കും തട്ടുകടകളിലേക്കും വെള്ളം ശേഖരിക്കുന്നത്. മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചിലര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കിയെങ്കിലും വളച്ചൊടിച്ചുള്ള മറുപടിയാണ് നല്‍കിയതെന്നും പറയുന്നു.