ദമാം: മാനവ വിഭവ വിഭാഗത്തിലെ പദവി മുതലെടുത്ത് 30 ലേറെ സ്വദേശി തൊഴിലാളികളെ പിരിച്ചു വിടാന്‍ ശ്രമം നടത്തിയ വിദേശിക്കു ഫൈനല്‍ എക്‌സിറ്റ് നല്‍കി. കിഴക്കന്‍ പ്രവിശ്യാ സാമൂഹ്യ തൊഴില്‍ മന്ത്രാലയം ഇടപെട്ടായിരുന്നു നടപടി. ഇദ്ദേഹത്തിന്റെ നടപടി തികച്ചും ചട്ടവിരുദ്ധമായിരുന്നെന്നും ഇത്തരം തസ്തികകളില്‍ വിദേശികളെ വിലക്കിയ നിയമം ലംഘിച്ചു തുടരുകയായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവം സാമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം ഇടപെടുകയായിരുന്നെന്ന് കിഴക്കന്‍ പ്രവിശ്യാ സാമൂഹ്യ തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഫഹദ് അല്‍ മുഖ്ബില്‍ പറഞ്ഞു. നിയമ ലംഘനം നടത്തിയ അല്‍ ഖോബാറിലെ സ്ഥാപനത്തിലേക്ക് മന്ത്രാലയത്തിന്റെ പ്രത്യേക ടീമിനെ നിയോഗിച്ചാണ് അന്വേഷണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശിയെ ഒഴിവാക്കിയ മാനവ വിഭവ വിഭാഗം ചുമതലയിലേക്ക് സൗദിയെ നിയമിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിനെതിരെ4,20,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം നടത്തിയ തസ്തികകളില്‍ വിദേശികളെ നിയമിക്കുന്നതും പദവി ദുരുപയോഗം ചെയ്ത് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതും കടുത്ത കുറ്റമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ 19911 എന്ന നമ്പറിലോ തൊഴില്‍ മന്ത്രാലയത്തിന്റെ ആപ്പിലോ പരാതിപ്പെടാവുന്നതാണ്.