അല്‍ഹസ്സ : ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി രാജു കരുണാകരന്‍ നിയമക്കുരുക്കുകള്‍ കാരണം നാട്ടില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. ഒരു മാസം മുന്‍പാണ് അപകടം ഉണ്ടായത്. അല്‍ഹസ്സ, മുബാറസ് റാഷിദ് മാളിനടുത്തുള്ള കാര്‍ സര്‍വീസ് സ്റ്റേഷനിലെ ജോലിക്കാരനാണ് രാജു. ജോലിക്കിടെ സഹപ്രവര്‍ത്തകനായ ബംഗ്ലദേശ് സ്വദേശി അശ്രദ്ധമായി ഓടിച്ചു വന്ന കാര്‍, രാജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച രാജുവിന്റെ ഇടതുകാല്‍ മുട്ടിനു മുകളില്‍ മുറിച്ചു മാറ്റുകയും ഗുരുതരമായി പരുക്കേറ്റ വലതുകാലിനു ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
53കാരനായ രാജു കഴിഞ്ഞ 12 വര്‍ഷമായി സൗദിയില്‍ തുച്ഛവേതനത്തിന് ജോലി ചെയ്തു വരികയാണ്. രണ്ടു വര്‍ഷം മുമ്പാണ് ദമാമിലെ സ്‌പോണ്‍സറില്‍ നിന്ന് അല്‍ഹസ്സയിലെ സ്‌പോണ്‍സറിലേക്കു വിസ മാറ്റിയത്. എന്നാല്‍, ഇതുവരെ താമസരേഖ ശരിയാവാത്തതിനാല്‍ ചികിത്സാ ചിലവോ മറ്റു ആനുകൂല്യങ്ങളോ ലഭ്യമായിരുന്നില്ല.
നവോദയ നേതാക്കളായ ചന്ദ്രശേഖരന്‍ മാവൂര്‍, ഷിഹാബ് ഇറയസന്‍, പ്രമോദ് കേളോത്ത്, മുജീബ് പൊന്നാനി, സുനില്‍കുമാര്‍, പ്രദീപ്, കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം കണ്‍വീനര്‍ ഇ.എം.കബീര്‍, രാജുവിന്റെ നാട്ടുകാരായ മോഹനന്‍, സന്തോഷ്, ഗോപകുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘം നിലവിലെസ്‌പോണ്‍സറുമായി നടത്തിയ നിരന്തര ഇടപെടലുകളെത്തുടര്‍ന്നു ആശുപത്രി ചിലവ് വഹിക്കാന്‍ അദ്ദേഹം തയാറായിട്ടുണ്ട്. നിയമക്കുരുക്കുകള്‍ അഴിയുന്നു മുറയ്ക്ക് മറ്റു യാത്രാ ചിലവുകളും സ്‌പോണ്‍സര്‍ ഏറ്റെടുത്തു. കാര്‍ ഓടിച്ച ബംഗ്ലദേശ് സ്വദേശി ഇപ്പോള്‍ ജയിലിലാണ്.
ഭാര്യയും മൂന്നു കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ രാജുവിന്റെ അപകടം കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പൊലീസ് ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്ക്ക് രാജുവിനെ നാട്ടിലെത്തിയ്ക്കാന്‍ കഴിയുമെന്ന് നവോദയ പ്രവര്‍ത്തകര്‍ ് പറഞ്ഞു.